
സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ക്കെതിരെ കേരളം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ തമിഴ്‌നാടും പശ്ചിമ ബംഗാളും പങ്കു ചേര്‍ന്നു. കേരള ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് ട്വിറ്ററിലൂടെ പ്രതിഷേധിച്ചതിനു പിന്നാലെ 'അനാവശ്യമായ കഠിന നിബന്ധനകള്‍' പിന്‍വലിക്കണമെന്നു കാണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.ഇന്ത്യയുടെ ഫെഡറലിസ്റ്റ് രാഷ്ട്രീയത്തെ സ്ഥിരവും തന്ത്രപരവുമായ രീതിയില്‍ തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന ആരോപണമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര ഉന്നയിച്ചത്.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം വായ്പാ പരിധി മൊത്തവരുമാനത്തിന്റെ 3 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയര്‍ത്തിയിരുന്നു.ഇതനുസരിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 4.28 ലക്ഷം കോടി രൂപ അധികമായി ലഭ്യമാക്കും. വായ്പാ പരിധി കേന്ദ്രം 2 ശതമാനം കൂട്ടിയത് ഇങ്ങനെ: നിബന്ധനകള്‍ ഇല്ലാതെ 0.50 % നല്‍കും, 0.25% വീതം നാല് മേഖലകളില്‍ കേന്ദ്രത്തിന്റെ പരിഷ്‌കാരങ്ങള്‍ക്ക് ഒരു ശതമാനം ചെലവാക്കണം. നാലില്‍ മൂന്നെണ്ണത്തില്‍ ലക്ഷ്യം നേടിയാല്‍ ശേഷിക്കുന്ന 0.50 ശതമാനം നല്‍കും.
പ്രതിമാസം 4500 കോടിയാണ് കേരളത്തിന്റെ ശരാശരി വരുമാനം.ചെലവാകട്ടെ ശരാശരി 6000 കോടിയും. ശമ്പളത്തിന് 2400കോടിയും പെന്‍ഷന് 1300 കോടിയും വേണം. ലോക്ഡൗണില്‍ വരുമാനം 1100 കോടിയായി ചുരുങ്ങി. 3,460 കോടിയുടെ കുറവ്. ഇതോടെ നിത്യച്ചിലവുകള്‍ പ്രതിസന്ധിയിലായി. കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യം,റവന്യൂ, ദുരന്തനിവാരണം, തദ്ദേശസ്ഥാപനങ്ങള്‍, പൊതുവിതരണം, പൊലീസ്,സാമൂഹ്യക്ഷേമം തുടങ്ങിയ വകുപ്പുകളില്‍ ചെലവ് മൂന്ന് മടങ്ങായി വര്‍ദ്ധിച്ചു. ഇതുകൂടിയായതോടെ ഭരണം പ്രതിസന്ധിയിലായി. കടമെടുത്തുപോലും ശമ്പളം കൊടുക്കാനാവാത്ത സ്ഥിതിയായി. വായ്പാപരിധി ഉയര്‍ത്തിയതോടെ തല്‍ക്കാലം പ്രതിസന്ധി തീരുമെങ്കിലും ഇതിന് ഉപാധിവെച്ചത് അംഗീകരിക്കാനാവില്ലെന്നാണ് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടിയത്.
സംസ്ഥാനങ്ങള്‍ക്ക് സഹായധനം അനുവദിക്കുന്നത് ദുരന്തകാലത്തുപോലും കേന്ദ്രത്തിന്റെ ഔദാര്യമായി മാറിയിരിക്കുന്നുവെന്ന പരാതി ആദ്യമായല്ല ഉയരുന്നത്. കഴിഞ്ഞ രണ്ട് പ്രളയ വേളയിലും ഇതുണ്ടായി. പിന്നെ ആകെയുള്ള വഴി കടമെടുപ്പാണ്. അതായത് സംസ്ഥാന സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ അടിച്ചിറക്കുക. ഇതാകട്ടെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തില്‍ കൂടുതലായിക്കൂടെന്ന കര്‍ശനവ്യവസ്ഥയാണ് കേന്ദ്രം അടിച്ചേല്‍പ്പിച്ചിരുന്നത്. മറ്റ് സഹായങ്ങളൊന്നും നല്‍കാത്ത സാഹചര്യത്തില്‍ വായ്പാപരിധി അഞ്ച് ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യം കേരളം നിരന്തരം ഉയര്‍ത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതുവരെ മുഖംതിരിച്ച കേന്ദ്രം കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം അംഗീകരിച്ചത്. ഉപാധിയില്ലാതെ കേരളത്തിന് ലഭിക്കുന്ന വായ്പാവര്‍ധന അര ശതമാനമാണ്. നിലവിലുള്ള 27500 കോടിയില്‍നിന്ന് 4500 കോടിയുടെ വര്‍ധന.
കടപ്പത്രങ്ങള്‍ റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് വാങ്ങി സംസ്ഥാനങ്ങളുടെ വായ്പാ ആവശ്യം നിറവേറ്റണമെന്നാണ് കേരളത്തിന്റെ നിര്‍ദേശം. ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. കേന്ദ്ര ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് ഫണ്ട് നല്‍കുന്നതിന് നിശ്ചയിക്കുന്ന നിരക്കാണ് റിപ്പോ. നിലവില്‍ ഇത് 4.4 ശതമാനമാണ്. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് വാണിജ്യബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്ക് 10 ശതമാനംവരെയാണ് പലിശ ഈടാക്കുന്നത്. ഇത്തരത്തില്‍ പലിശഭാരത്തിന്റെയും തിരിച്ചടവിന്റെയും ബാധ്യതകള്‍ പൂര്‍ണമായും വഹിക്കുന്ന സംസ്ഥാനങ്ങളുടെമേല്‍ കേന്ദ്രം ഉപാധികള്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടന-ഫെഡറല്‍ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നാണ് ആരോപണം.പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പതിനഞ്ചാം ധനകാര്യ കമീഷന്‍ നിരാകരിച്ച ഉപാധികളാണ് കോവിഡിന്റെ മറവില്‍ ഇപ്പോള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്ന് തോമസ് ഐസക് പറയുന്നു.
വായ്പാ പരിധി ഉയര്‍ത്താന്‍ കേന്ദ്രം നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകളില്‍ ചിലത് നിലവില്‍ത്തന്നെ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ നടപ്പാക്കിവരുന്നതോ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുള്ളതോ ആണ്. റേഷന്‍ കാര്‍ഡുകളുടെ ഏകീകൃത സ്വഭാവം, വ്യവസായ സൗഹൃദ നടപടികള്‍ തുടങ്ങിയവ. വൈദ്യുതിമേഖലയുടെ സ്വകാര്യവല്‍ക്കരണം ലക്ഷ്യമാക്കി കേന്ദ്രം കൊണ്ടുവന്നിട്ടുള്ള നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായ്പാപരിധിക്ക് ഉപാധിയായി കൊണ്ടുവന്നത് ദുരുദ്ദേശ്യപരമാണെന്നും കേരളം പറയുന്നു. വായ്പയെടുക്കല്‍ സംസ്ഥാനത്തിന്റെ അവകാശമാണ്. അതിന്റെ വിനിയോഗവും സംസ്ഥാനത്തിന്റെ മുന്‍ഗണനയ്ക്ക് അനുസരിച്ചാകണം. അതുകൊണ്ടുതന്നെ കേന്ദ്ര നിബന്ധനകള്‍ അംഗീകരിക്കാനാകില്ലെന്ന് തോമസ് ഐസക് ചൂണ്ടിക്കാണിച്ചത് മറ്റ് ചില സംസ്ഥാനങ്ങളും ആവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ടെന്നാണു സൂചന.