
ഡല്‍ഹി: ഔദ്യോഗിക ആവശ്യങ്ങളില്‍ ആധാര്‍ നമ്പര്‍ നല്‍കുന്നതില്‍ എന്തെങ്കിലും തെറ്റ് വരികയാണെങ്കില്‍ 10,000 രൂപ പിഴയടയ്‌ക്കേണ്ടി വരും. ആധാര്‍ ഭേദഗതി ബില്ലിന് ക്യാബിനറ്റ് അംഗികാരം നല്‍കിയതിന് പിന്നാലെയാണ് പുത്തന്‍ ചുവടുവെപ്പിനെ പറ്റിയും കേന്ദ്ര സര്‍ക്കാര്‍ ഓര്‍മ്മിപ്പിക്കുന്നത്. നിയമം ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആധാര്‍ നമ്പര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അടയ്ക്കുമ്പോള്‍ ഇത് കൃത്യമാണോ എന്ന് ഉറപ്പ് വരുത്താത്ത പക്ഷം ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനും പിഴ അടക്കേണ്ടി വരുമെന്നും അറിയിപ്പുണ്ട്.
ആദായ നികുതി നിയമത്തിന്റെ 272 ബി വകുപ്പിലാണ് പുതിയ പരിഷ്‌കാരം ഉള്‍പ്പെടുത്തുക. പിഴ ഈടാക്കുന്നതിന് മുമ്പായി പിഴവ് വരുത്തിയതിന്റെ കാരണം അറിയിക്കാന്‍ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കും. ഇത് സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ പിഴ ഈടാക്കില്ല. നികുതി വെട്ടിപ്പ് തടയുന്നതിനായാണ് ഈ പരിഷ്‌കാരം കൊണ്ടു വരുന്നത്. ഈ സെപ്തംബര്‍ മുതല്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴും ഉയര്‍ന്ന തുകയിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. ഈ സൗകര്യം ദുരുപയോഗം ചെയ്യാതിരിക്കാനാണ് നടപടിയെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആധാറും അതുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങളുടെ ഭേദഗതി വരുത്താനുമായുള്ള ബില്ലിന് ക്യാബിനറ്റ് അംഗീകാരം നല്‍കിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ആധാര്‍ അടിസ്ഥാനപ്പെടുത്തി സബ്സിഡി വിതരണം സാധ്യമാക്കാനുപകരിക്കുന്ന ഭേദഗതിയാണിതെന്ന് വിവരസാങ്കേതിക വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് നിലവിലുള്ള ആധാര്‍ കാര്‍ഡുകളിലൂടെ സബ്സിഡികള്‍ ബന്ധപ്പെടുത്തണമെന്ന നിരവധി സംസ്ഥാനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ജാവദേക്കര്‍ പറഞ്ഞു. ഈ നടപടിയിലൂടെ അനര്‍ഹരായവര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് തടയാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.