ഒല ഇലക്ട്രിക്ക്: ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിക്കുമോ?

January 03, 2022 |
|
News

                  ഒല ഇലക്ട്രിക്ക്: ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിക്കുമോ?

2021ല്‍ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡുകളിലൊന്നായി ഉയര്‍ന്നുവന്ന കമ്പനിയാണ് ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളായ ഒല ഇലക്ട്രിക്ക്. രാജ്യത്ത് ഇലക്ട്രിക്ക് വാഹന വിപ്ലവവുമായാണ് ഒല ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ അവതരിപ്പിച്ചത്. ഈ സ്‌കൂട്ടറുകളുടെ ആദ്യ ബാച്ച് ഡെലിവറികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു കമ്പനി.

പുതിയ വര്‍ഷത്തില്‍ അതിന്റെ ട1 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വമ്പന്‍ വില്‍പ്പന പ്രതീക്ഷിക്കുന്നു. എന്നാല്‍ എല്ലാ കണ്ണുകളും ഒല ട1, ട1 പ്രോ വേരിയന്റുകളില്‍ ആയിരിക്കുമ്പോള്‍ പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കിമിട്ടിരിക്കുകയാണ് കമ്പനി. വരും കാലങ്ങളില്‍ കമ്പനിക്ക് ഒരു ഇലക്ട്രിക് സൈക്കിള്‍ നല്‍കാനുള്ള സാധ്യതയുണ്ടോ എന്നതാണ് വാഹന ലോകത്തെ പുതിയ ചര്‍ച്ച.

ഒലയുടെ സിഇഒ ഭവിഷ് അഗര്‍വാള്‍ അടുത്തിടെ നടത്തിയ ട്വീറ്റാണ് ഇതിന് കാരണം ന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ ട്വിറ്ററില്‍, 'ഈ പുതുവര്‍ഷത്തില്‍, പഴയ ആവേശം പുനരുജ്ജീവിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു' എന്ന അടിക്കുറിപ്പോടെ അദ്ദേഹം സൈക്കിളിനൊപ്പം നില്‍ക്കുന്ന രണ്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. ഇതോടെ ഒല ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.  ഈ ട്വീറ്റോടെ ഒല ഇലക്ട്രിക്ക് ഇലക്ട്രിക് സൈക്കിളുകള്‍ വാഗ്ദാനം ചെയ്യാന്‍ ശ്രമിക്കുമോ എന്ന് ചോദിച്ച് പലരും എത്തിത്തുടങ്ങി. ഒരുപക്ഷെ നമ്മള്‍ ചെയ്യും എന്നും സൈക്ലിംഗ് വളരെ രസകരമായ ഒരു ജീവിതശൈലിയാണ് എന്നുമായിരുന്നു ഈ ചോദ്യത്തിന്നുള്ള ഭവീഷിന്റെ മറുപടി.

കമ്പനി ഡയറക്ട് ഹോം ഡെലിവറി മോഡല്‍ പിന്തുടരുന്നതിനാല്‍, വാഗ്ദാനം ചെയ്തതുപോലെ കൃത്യസമയത്ത് സ്‌കൂട്ടറുകള്‍ എത്തിക്കുക എന്നതാണ് ഒല ഇലക്ട്രിക്കിന്റെ ഇപ്പോഴത്തെ ശ്രദ്ധ. എന്നാല്‍ ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഡെലിവറി ഇല്ലാത്തത് ഉപഭോക്താക്കളെ ചൊടിപ്പിച്ചിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ കമ്പനിയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Related Articles

© 2025 Financial Views. All Rights Reserved