ധനക്കമ്മി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനുള്ള ആര്‍ബിഐ സഹായം പര്യാപ്തമാകുമോ എന്ന് ചര്‍ച്ച; പണലഭ്യതയുമായി ബന്ധപ്പെട്ട് 70 വര്‍ഷത്തിനിടെ പ്രശ്‌നമുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നീതി ആയോഗ്

August 27, 2019 |
|
News

                  ധനക്കമ്മി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനുള്ള ആര്‍ബിഐ സഹായം പര്യാപ്തമാകുമോ എന്ന് ചര്‍ച്ച; പണലഭ്യതയുമായി ബന്ധപ്പെട്ട് 70 വര്‍ഷത്തിനിടെ പ്രശ്‌നമുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നീതി ആയോഗ്

മുംബൈ : രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് കരുതല്‍ ധനത്തില്‍ നിന്നും 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറാമെന്ന ആര്‍ബിഐ തീരുമാനവും വന്നിരിക്കുന്നത്. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ സമിതിയുടെ ശുപാര്‍ശയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര ബോര്‍ഡിന്റെ അംഗീകാരം വന്നതോടെ ധനകമ്മി കുറയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കാണ് സഹായമാവുന്നത്. സമിതിയുടെ ശുപാര്‍ശ കേന്ദ്ര ബോര്‍ഡ് അംഗീകരിച്ചതോടെ 2020 മാര്‍ച്ചിനകം ബജറ്റല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 64 ശതമാനം അധികം തുക ആര്‍ബിഐയില്‍ നിന്നും ലഭിക്കും.

ആര്‍ബിഐയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,23,414 കോടി രൂപയാണ് നീക്കിയിരിപ്പായുള്ളത്. ഈ തുകയും പുതുക്കിയ മൂലധനച്ചട്ടക്കൂട് (ഇസിഎഫ്) പ്രകാരം കണ്ടെത്തിയ 52, 637 കോടി രൂപയും അടക്കം 1,76,051 കോടി രൂപയാണ് പുത്തന്‍ തീരുമാനത്തിലൂടെ സര്‍ക്കാരിന് ലഭിക്കുന്നത്. എന്നാല്‍ ഈ വേളയില്‍ ഇതിനൊപ്പം തന്നെ ചര്‍ച്ചയാകുകയാണ് ആര്‍ബിഐ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേലിന്റെ രാജി. കരുതല്‍ ധനം കൈമാറുന്നത് സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. 

രണ്ട് വര്‍ഷമായി സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ ഇതു സംബന്ധിച്ച് വലിയ തര്‍ക്കം നിലനിന്നിരുന്നു. കരുതല്‍ ധനശേഖരത്തില്‍ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം നടക്കുന്നത്. രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സാമ്പത്തിക മേഖലയാകെ മുരടിപ്പിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പണലഭ്യതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ലെന്നും രാജീവ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ആര്‍ബിഐയുടെ നടപടി. ആര്‍ബിഐക്ക് മൂന്ന് ട്രില്യണ്‍ കരുതല്‍ ധനത്തിന്റെ ആസ്തിയുണ്ടെന്നായിരുന്നു ബിമല്‍ ജലാല്‍ സമിതിയുടെ കണ്ടെത്തല്‍. ജിഡിപി നിരക്ക് 1.5 ശതമാനത്തിന്റെ കരുതല്‍ധന വര്‍ധനവാണ് ആര്‍ബിഐക്കുള്ളത്. ആര്‍ബിഐയുടെ കരുതല്‍ ധനത്തിന്റെ പങ്ക് പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കണമെന്നാണ് സര്‍ക്കാറിന്റെ പക്ഷം. ആര്‍ബിഐയുടെ അധിക കരുതല്‍ മൂലവധനം ബജറ്റ് ലക്ഷ്യങ്ങള്‍ക്കുള്ളതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

അതേസമയം കുറഞ്ഞ മൂലധന ക്രമം സ്വീകരിക്കണമെന്ന വാദമാണ് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നോട്ട് വച്ചത്്. ഈ സാഹചര്യത്തില്‍ മൂലധനക്രമം 6.25 ശതമാനത്തില്‍ നിന്ന് 3.25 ശതമാനമായി കുറക്കാന്‍ സാധിക്കാന്‍ പറ്റിയാല്‍ കേന്ദ്ര ബാങ്കിന് കരുതല്‍ ധനം 1.3 ട്രില്യണ്‍ അധിക ആസ്തി ഉണ്ടാക്കാന്‍ പറ്റുമെന്നാണ് വിലയിരുത്തല്‍. ലാഭത്തില്‍ നിന്ന് 50,000 കോടി രൂപ റിസര്‍വ് ബാങ്ക് മുമ്പ് കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ കരുതല്‍ധനത്തില്‍നിന്ന് കൂടുതല്‍ പണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതടക്കമുള്ള ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിച്ചതുകൊണ്ടാണ് ഉര്‍ജിത് പട്ടേലിന് ആര്‍.ബി.ഐ. ഗവര്‍ണര്‍സ്ഥാനം രാജിവെക്കേണ്ടിവന്നത്.

പിന്നീട് ശക്തികാന്ത ദാസ് പുതിയ ഗവര്‍ണറായി സ്ഥാനമേറ്റതോടെയാണ് പണത്തിനായുള്ള സമ്മര്‍ദം കേന്ദ്രം ശക്തിപ്പെടുത്തിയത്. റിസര്‍വ് ബാങ്ക് നിയമത്തിന്റെ 47-ാം വകുപ്പില്‍ ലാഭത്തിന്റെ ഒരു വിഹിതമാണ് ഓരോ വര്‍ഷവും കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍ നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍, ചെലവുകഴിച്ചുള്ള മുഴുവന്‍ മിച്ചവും കേന്ദ്രത്തിന് നല്‍കുകയാണ് പൊതുവേ ആര്‍.ബി.ഐ. ചെയ്യുന്നത്. നോട്ടുനിരോധനം കാരണമുള്ള അധികച്ചെലവുകാരണം ലാഭം കുറഞ്ഞതുകൊണ്ട് 2016-17 സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതമായി 30,659 കോടി രൂപയേ നല്‍കിയിട്ടുള്ളൂ.

2018-19 സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതമായാണ് 50,000 രൂപ നല്‍കിയത്. ചരക്ക്-സേവന നികുതിയില്‍നിന്നുള്ള വരുമാനം ലക്ഷ്യത്തിലും താഴെപ്പോയതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തിവില്‍പ്പനയില്‍നിന്ന് ഉദ്ദേശിച്ച തുക കിട്ടാത്തതുമാണ് കൂടുതല്‍ പണത്തിന് ആര്‍.ബി.ഐ.യെ സമീപിക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിതരാക്കിയത്. രാജ്യത്തെ പാവപ്പെട്ടവര്‍ക്കെല്ലാം നിശ്ചിതതുക മാസവരുമാനമായി അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.  റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ തോത് നിര്‍ണയിക്കാനായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ അധ്യക്ഷനായ ആറംഗ പാനലിനെ കഴിഞ്ഞ ഡിസംബറിലാണ് നിയമിച്ചത്. ഈ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചത്.

ആര്‍ബിഐയുടെ പക്കല്‍ ഒന്‍പതു ലക്ഷം കോടി രൂപയുടെ കരുതല്‍ ധനം ഉണ്ടെന്നായിരുന്നു കണക്കുകള്‍. ആഗോള ചട്ടം അനുസരിച്ച് അധികത്തുക സര്‍ക്കാരിന് കൈമാറണമെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തതോടെയാണ് വിഷയം പഠിക്കാന്‍ ബിമല്‍ ജലാന്‍ സമിതിയെ നിയോഗിച്ചത്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.3 ശതമാനമാണ് ധനകമ്മിയായി നിശ്ചയിച്ചിരിക്കുന്നത്.

ഈ ലക്ഷ്യം കൈവരിക്കാന്‍ ആര്‍ബിഐയുടെ പക്കലുള്ള അധിക കരുതല്‍ ധനം ഉപകരിക്കുമെന്നാണു വിലയിരുത്തല്‍. റിസര്‍വ് ബാങ്കിന്റെ പക്കലുള്ള അധിക മൂലധനം രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കാന്‍ ഉപയോഗിക്കണമെന്നാണ് കേന്ദ്ര നിലപാട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved