
ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) പ്രാഥമിക ഓഹരി വില്‍പനയുടെ (ഐപിഒ) പുരോഗതി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവലോകനം ചെയ്തു. ഈ സാമ്പത്തിക വര്‍ഷംതന്നെ ഓഹരി വില്‍പനയുണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഏറെനാളായി കാത്തിരിക്കുന്ന ഓഹരി വില്‍പന സുഗമമാക്കാന്‍ നേരിട്ടുള്ള വിദേശനിക്ഷേപ നയം ഭേദഗതി ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.
രാജ്യചരിത്രത്തിലെ എക്കാലത്തെയും വലിയ ഐപിഒ ആയി വിശേഷിപ്പിക്കപ്പെടുന്ന എല്‍ഐസി ഐപിഒ മാര്‍ച്ചോടെ വിപണിയിലെത്തുമെന്നാണ് സര്‍ക്കാര്‍ സൂചനയെങ്കിലും കൃത്യമായ തീയതിയോ വിലനിലവാരമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പോളിസി ഉടമകള്‍ക്ക് എല്‍ഐസി ഓഹരികള്‍ ഇളവില്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഓഹരി വിറ്റഴിക്കലിന് സാമ്പത്തികകാര്യ മന്ത്രിസഭ സമിതി അനുമതി നല്‍കിയത്.
ഐപിഒ വഴി വിറ്റഴിക്കുന്ന സര്‍ക്കാര്‍ ഓഹരികളുടെ അളവ് തീരുമാനിക്കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍. മൂല്യനിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ ഓഹരി വില്‍പനയുടെ കാലതാമസം സംബന്ധിച്ച് ആശങ്കകളുണ്ട്. വലുപ്പം, റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍, അനുബന്ധ സ്ഥാപനങ്ങള്‍, ലാഭക്ഷമത പങ്കിടല്‍ എന്നിവ കാരണം മൂല്യനിര്‍ണയം സങ്കീര്‍ണ പ്രക്രിയയാണ്. നടപ്പു സാമ്പത്തിക വര്‍ഷം നിശ്ചയിച്ച 1.75 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കാന്‍ എല്‍ഐസി ഐപിഒ നിര്‍ണായകമാണ്.
പൊതുമേഖല സ്ഥാപന ഓഹരി വിറ്റഴിക്കലിലൂടെ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 9330 കോടി രൂപയാണ് സമാഹരിച്ചത്. നിയമോപദേശകനായി സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. എല്‍ഐസിയുടെ ലിസ്റ്റിങ് സുഗമമാക്കാന്‍ 1956ലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ നിയമത്തില്‍ ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ 27 ഭേദഗതി വരുത്തിയിരുന്നു.