
ബെംഗലൂരു: ഐടി ഭീമനായ വിപ്രോയുടെ പുത്തന്‍ നീക്കത്തില്‍ ഇന്ത്യക്കാരായ ടെക്കികള്‍ക്ക് ആശങ്കയുയരുകയാണ്. പ്രത്യേകിച്ച് ഫ്രഷേഴ്‌സായിട്ടുള്ളവര്‍ക്ക്. ഇന്ത്യയില്‍ നിന്നും വര്‍ക്ക് വിസയില്‍ അമേരിക്കയിലേക്ക് അയയ്ക്കുന്ന ടെക്കികള്‍ക്ക് ചെലവാക്കേണ്ടി വരുന്ന തുക തന്നെയാണ് യുഎസ് പൗരന്മാരായ ഫ്രഷേഴ്‌സിനെ റിക്രൂട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്നതെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. മാത്രമല്ല അവരെ വിന്യസിക്കാന്‍ എളുപ്പമാണെന്നും ഇന്ത്യന്‍ ടെക്കികളെ അപേക്ഷിച്ച് വേഗതയില്‍ ട്രെയിനിങ് പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
മാത്രമല്ല യുഎസിലും യൂറോപ്പിലും സ്വദേശികളായ ടെക്കികളെയാണ് ഇപ്പോള്‍ കമ്പനി അധികമായും ജോലി നല്‍കുന്നത്. വിപ്രോയുടെ പ്രധാന മാര്‍ക്കറ്റുകളാണ് ഇരു രാജ്യങ്ങളും. വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ട പ്രോജക്ടുകള്‍ക്ക് ഇവരാണ് അനുയോജ്യരായവരെന്നും വിപ്രോ വ്യക്തമാക്കുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ആഗോളതലത്തില്‍ 6,000 ത്തിലധികം പുതിയ ഫ്രഷേഴ്‌സായ ബിരുദധാരികളെ വിപ്രോ റിക്രൂട്ട് ചെയ്തിരുന്നു. ഏറ്റവും വലിയ വിപണിയായ യുഎസില്‍ 65.4% തൊഴിലാളികളും സ്വദേശികളാണ്.
'ഇന്ന് ഇന്ത്യയില്‍ നിന്ന് പോകുന്ന ഒരു ടെക്കിയുടെ ലാന്‍ഡിംഗ് അടക്കമുള്ള ചെലവും ഞങ്ങള്‍ അവിടെ സ്വദേശികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ചെലവും വ്യത്യസ്തമല്ല,'' വിപ്രോ എച്ച്ആര്‍ മേധാവി സൗരഭ് ഗോവില്‍ പറയുന്നു. മാത്രമല്ല പ്രോഗ്രാമിംഗ്, കോഡിംഗ്, ആശയവിനിമയ കഴിവുകള്‍ എന്നിവയില്‍ ഇവര്‍ക്ക് ഗുണനിലവാരമുണ്ട്. അവര്‍ കൂടുതല്‍ ആപ്ലിക്കേഷന്‍ അധിഷ്ഠിതമാണ് മാത്രമല്ല വിന്യസിക്കാനുള്ള അവരുടെ കഴിവ് വേഗതയുള്ളതാണ'. വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ കമ്പനികളാണ് എച്ച് 1 ബി വിസയില്‍ ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ യുഎസിലേക്ക് കൂടുതലായി അയച്ചിരുന്നത്.