
ഐടി മേധാവി വിപ്രോയ്ക്ക് പുതിയ സിഇഒ. കാപ്‌ഗെമിനി എക്‌സിക്യൂട്ടീവായിരുന്ന തിയറി ഡെലാപോര്‍ട്ടെയെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ), മാനേജിംഗ് ഡയറക്ടര്‍ (എംഡി) എന്നീ തസ്തികയില്‍ നിയമിച്ചതായി വിപ്രോ അറിയിച്ചു. നിലവിലെ സിഇഒയും, എംഡിയുമായ അബിദാലി നീമുച്വാല ജൂണ്‍ 1 ന് പടിയിറങ്ങും. ജൂലൈ 5 വരെ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് റിഷാദ് പ്രേംജിയായിരിക്കും. ജൂലൈ 6 നാണ് ഡെലാപോര്‍ട്ട് വിപ്രോയില്‍ ചേരുന്നത്.
കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി തിയറിയെ സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. അസാധാരണമായ നേതൃത്വ പാടവം, ശക്തമായ അന്താരാഷ്ട്ര പരിചയം, ആഴത്തിലുള്ള തന്ത്രപരമായ വൈദഗ്ദ്ധ്യം, ദീര്‍ഘകാല ക്ലയന്റ് ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള അതുല്യമായ കഴിവ്, പരിവര്‍ത്തനത്തിന്റെ തെളിയിക്കപ്പെട്ട അനുഭവം എന്നിവയിലൂടെ വിപ്രോയുടെ അടുത്ത ഘട്ട വളര്‍ച്ചയെ നയിക്കാന്‍ ശരിയായ വ്യക്തിയാണ് തിയറി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് വിപ്രോ ലിമിറ്റഡ് ചെയര്‍മാന്‍ റിഷാദ് പ്രേംജി പറഞ്ഞു.
അടുത്ത കാലം വരെ, തിയറി ഡെലാപോര്‍ട്ട് കാപ്‌ഗെമിനി ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗവുമായിരുന്നു. ക്യാപ്ഗെമിനിയുമായുള്ള 25 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍, ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, എല്ലാ ആഗോള സേവന ലൈനുകളുടെയും തലവന്‍ എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു. കാപ്‌ഗെമിനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.