വമ്പന്‍ പ്രഖ്യാപനവുമായി വിപ്രോ; കാപ്‌കോ കണ്‍സള്‍ട്ടിംഗ് കമ്പനിയെ ഏറ്റെടുക്കുന്നു; എത്ര രൂപയ്ക്ക്?

March 05, 2021 |
|
News

                  വമ്പന്‍ പ്രഖ്യാപനവുമായി വിപ്രോ;  കാപ്‌കോ കണ്‍സള്‍ട്ടിംഗ് കമ്പനിയെ ഏറ്റെടുക്കുന്നു; എത്ര രൂപയ്ക്ക്?

ബെംഗളൂരു: 1945ലാണ് വിപ്രോ സ്ഥാപിതമാകുന്നത്. എന്നാല്‍ തങ്ങളുടെ ഇതുവരയെുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് കഴിഞ്ഞ ദിവസം വിപ്രോ പ്രഖ്യാപിച്ചത്. ലണ്ടന്‍ കേന്ദ്രമാക്കിയ കാപ്‌കോ എന്ന കണ്‍സള്‍ട്ടിംഗ് കമ്പനിയെ ഏകദേശം 11000 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്നായിരുന്നു പ്രഖ്യാപനം.

വിപ്രോയുടെ നിലവിലെ സാരഥി റിഷാദ് പ്രേംജിയാണ് ഡീലിന് നേതൃത്വം നല്‍കുന്നത്. ആഗോള ടെക്‌നോളജി സ്‌പേസില്‍ വിപ്രോയ്ക്ക് വലിയ രീതിയില്‍ ഗുണം ചെയ്യും ഈ ഏറ്റെടുക്കലെന്ന് കരുതാം. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് കമ്പനിയെന്നറിയപ്പെടുന്ന കാപ്‌കോ അടിസ്ഥാനപരമായി നല്‍കുന്നത് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി കണ്‍സള്‍ട്ടന്‍സിയാണ്. ബാങ്കിംഗ്, ധനകാര്യ സേവന മേഖലകളിലുള്ളവര്‍ക്ക് ഡിജിറ്റല്‍, കണ്‍സള്‍ട്ടിംഗ്, ടോക്‌നോളജി സേവനങ്ങള്‍(ബിഎഫ്എസ്‌ഐ) നല്‍കുന്ന കമ്പനിയാണ്. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വരുമാനത്തിനുള്ള വലിയ സ്രോതസാണ് ഇത്തരം കമ്പനികള്‍.

ഞങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഉപഭോക്താക്കള്‍ക്ക് എന്‍ഡ് ടു എന്‍ഡ് സേവനങ്ങള്‍ നല്‍കുന്ന അപൂര്‍വം കമ്പനികളുടെ പട്ടികയിലേക്ക് വിപ്രോ ഉയര്‍ന്നിരിക്കുകയാണ്. ബാങ്കിംഗും ധനകാര്യ സേവനങ്ങളും വളരെ ഉയര്‍ന്ന വളര്‍ച്ചയുള്ള, ഞങ്ങളുടെ മുന്‍ഗണനാ മേഖലകളിലൊന്നാണ്. ഞങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഈ ഏറ്റെടുക്കല്‍ സഹായിക്കും. ധീരമായ ഒരു നാളെയെ സൃഷ്ടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്-വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി പറഞ്ഞു.   

സിഇഒ ആയി തിയറി ഡെലാപോര്‍ട്ടെ ചുമതലയേറ്റെടുത്ത ശേഷം വളരെ ധീരമായ പരിഷ്‌കാരങ്ങളാണ് വിപ്രോ നടത്തുന്നത്. കാപ്‌ജെമിനിയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഡെലാപോര്‍ട്ടെ പാരിസ് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡിനിടെ ചുമതലയേറ്റ അദ്ദേഹം ഇതുവരെ വിപ്രോയുടെ ബംഗളൂരുവിലെ ആസ്ഥാനം സന്ദര്‍ശിച്ചിട്ടില്ല.

വലിയ ഡീലുകള്‍ ക്ലോസ് ചെയ്യാനും സ്ഥാപനത്തിന്റെ ഘടന കൂടുതല്‍ ലളിതവല്‍ക്കരിക്കാനും പുതിയ വിദഗ്ധരെ ടീമിലെടുക്കാനുമെല്ലാം ഡെലാപോര്‍ട്ടെ ശ്രമിച്ചുവരുന്നുണ്ട്. മെട്രോ എജിയുമായും ടെലിഫോണിക്കയുമായും എല്ലാമുള്ള ഡീലുകള്‍ ശ്രദ്ധ നേടിയിരുന്നു. പ്രേംജിയുടെ വിശ്വാസം പൂര്‍ണമായും നേടിയെടുക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് വേണം വിലയിരുത്താന്‍.   

വിപ്രോയുടെ ബിഎഫ്എസ്‌ഐ (ബാങ്കിംഗ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍ഡസ്ട്രി) വരുമാനം 2.5 ബില്യണ്‍ ഡോളറില്‍ നിന്ന് 3.2 ബില്യണ്‍ ഡോളറിലെത്തിക്കാന്‍ പുതിയ ഡീല്‍ സഹായിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. വിപ്രോയ്ക്ക് പുതിയ 30 ബിഎഫ്എസ്‌ഐ ഉപഭോക്താക്കളെ കിട്ടും, ഒപ്പം 5000 കാപ്‌കോ ജീവനക്കാര്‍ വിപ്രോയില്‍ ചേരുകയും ചെയ്യും.

Read more topics: # വിപ്രോ, # Wipro,

Related Articles

© 2025 Financial Views. All Rights Reserved