
മുംബൈ: പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ വിപണി മൂല്യം 4 ലക്ഷം കോടി രൂപ മറികടന്നു. സെപ്റ്റംബര്‍ പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതാണ് കമ്പനി നേട്ടമാക്കിയത്. ഇതോടെ വിപണി മൂല്യത്തിന്റെ കാര്യത്തില്‍ 4 ലക്ഷം കോടി മറികടക്കുന്ന മൂന്നാമത്തെ ഐടി കമ്പനിയായി വിപ്രോ. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 19 ശതമാനം വര്‍ധിച്ച് 2,931 കോടി രൂപയായി. വരുമാനമാകട്ടെ 30 ശതമാനം കൂടി 19,667 കോടിയുമായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവ ഉള്‍പ്പടെ 12 കമ്പനികളാണ് 4 ലക്ഷം കോടി വിപണി മൂല്യം ഇതുവരെ പിന്നിട്ടത്. മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതോടെ കമ്പനിയുടെ ഓഹരി വില 7 ശതമാനത്തോളം കുതിച്ച് 739 രൂപ നിലവാരത്തിലെത്തി.