
മുംബൈ: ഇന്ത്യൻ ഐടി ഭീമനായ വിപ്രോ കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് കനത്ത സമ്മർദ്ദത്തിലാണ്. നാലാം പാദത്തിലെ അറ്റാദായത്തിൽ 5.3 ശതമാനം ഇടിവ് പ്രഖ്യാപിച്ചതിന് ശേഷം സാധ്യമാകുന്നിടത്തെല്ലാം ചെലവ് കുറയ്ക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. വരും മാസങ്ങളിൽ പുതിയ നിയമനങ്ങൾ കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിൽ ക്യാംപസ് പ്ലെയ്‌സ്‌മെന്റുകൾ ഉൾപ്പെടെയുള്ള നിയമനങ്ങൾ നീട്ടി വയ്ക്കുന്നതായി കമ്പനിയുടെ മുഖ്യ മാനവ വിഭവശേഷി ഓഫീസർ സൗരഭ് ഗോവിൽ പറഞ്ഞു.
കമ്പനിയിലെ മൊത്തം ജീവനക്കാരുടെ എണ്ണം ഇതിനകം തന്നെ കുറഞ്ഞു. നാലാം പാദത്തിൽ മൊത്തം ജീവനക്കാരുടെ എണ്ണം 182,886 ആണ്. മൂന്നാം പാദത്തിൽ ഇത് 187,318 ആയിരുന്നു. വിപ്രോയുടെ 93 ശതമാനം ജോലിക്കാരും ഇപ്പോൾ വീട്ടിൽ ഇരുന്നാണ് ജോലി ചെയ്യുന്നതെന്നും ഇത് കമ്പനിയുടെ ഉപയോഗം 3% വർദ്ധിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മൂന്നാം പാദത്തിലെ ഉപഭോഗ ചെലവ് 70.2 ശതമാനത്തിൽ നിന്ന് നാലാം പാദത്തിൽ 73.4 ശതമാനമായി ഉയർന്നു.
ഇതിന്റെ ഭാഗമായി, കമ്പനി ചില ജീവനക്കാരോട് ശമ്പളമില്ലാതെ അവധിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സാധ്യമാകുന്നിടത്തെല്ലാം ചെലവ് ചുരുക്കാനാണ് ഇപ്പോൾ കമ്പനിയുടെ ശ്രമം. കമ്പനിയെ സംബന്ധിച്ച് ഇത് ദുഷ്‌കരമായ സമയമാണെന്നും അതുകൊണ്ട് തന്നെ കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരുമെന്നും ഗോവിൽ സിഎൻബിസി ടിവി 18യോട് വ്യക്തമാക്കി.
പുനക്രമീകരണത്തിൽ എത്ര പുതിയ ജോലിക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കമ്പനി 2019-20ൽ നിയമനങ്ങൾ ഇരട്ടിയാക്കിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, വിപ്രോ മുൻ വർഷത്തേക്കാൾ 12,000 ഫ്രെഷർമാരെ നിയമിച്ചിരുന്നു. 2021ലും സമാനമായ നിയമനം നടത്താനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാൽ, കൊറോണ വൈറസ് വ്യാപനം ഈ പദ്ധതികളിൽ സ്വാധീനം ചെലുത്തിയതിനാൽ അതിന്റെ ആഘാതം ബജറ്റ് വെട്ടിക്കുറക്കലിലേയ്ക്കാണ് കമ്പനിയെ നയിച്ചിരിക്കുന്നത്. അതിനാൽ പുതിയ നിയമനങ്ങൾ ഉടൻ ഉണ്ടാകാനിടയില്ല.
2020 മാർച്ച് 31 ന് അവസാനിച്ച പാദത്തിലെ ഐടി സേവനങ്ങളുടെ വരുമാനം കൊവിഡ് 19 കാരണം ഗണ്യമായി കുറഞ്ഞുവെന്നും ഏകദേശം 14 - 16 ദശലക്ഷം ഡോളർ നഷ്ടമുണ്ടായതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ, 2008 മുതൽ 2009 വരെയുള്ള ബിരുദധാരികളുടെ നിയമനങ്ങൾ എട്ട് മുതൽ 10 മാസം വരെ നീട്ടി വച്ചിരുന്നു.