
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ തകര്‍ന്നു നില്‍ക്കുകയാണ് ഇന്ത്യയുടെ സമ്പദ്ഘടന. ലോക്ക്ഡൗണ്‍ കാലം വരുത്തിവെച്ച ക്ഷീണം ചില്ലറയല്ല. എന്തായാലും ഉത്പാദന, വ്യവസായ മേഖലകള്‍ തിരിച്ചുവരവിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ആടിയുലഞ്ഞു നില്‍ക്കുന്ന സമ്പദ് ഘടന ഉത്തേജിപ്പിക്കാന്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ നടപടി ഇന്ത്യയുടെ ധനക്കമ്മി ഇരട്ടിയാക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനം പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം ധനക്കമ്മി 7.9 ശതമാനം തൊടുമെന്നാണ് പ്രവചനം. നേരത്തെ, ജിഡിപിയുടെ 3.5 ശതമാനം മാത്രമേ ധനക്കമ്മി പ്രതീക്ഷിച്ചിരുന്നുള്ളൂ.
നിലവില്‍ ജിഡിപിയുടെ പത്തു ശതമാനം വരും കേന്ദ്ര് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന സാമ്പത്തിക ഉത്തേജക പാക്കേജ്. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് മുന്‍നിര്‍ത്തിയുള്ള പണമൊഴുക്ക്, അടുത്തകാലത്തുണ്ടായ എക്സൈസ് തീരുവ വര്‍ധനവ്, ഡിഎ മരവിപ്പിച്ച നടപടി എന്നിവ കണക്കിലെടുത്ത് അടിസ്ഥാന ധനക്കമ്മി 3.5 ശതമാനത്തില്‍ നിന്നും 7.9 ശതമാനമായി പുനര്‍നിശ്ചയിക്കുകയാണെന്ന് എസ്ബിഐയുടെ ഗവേഷണ റിപ്പോര്‍ട്ടായ ഇക്കോറാപ്പ് പറയുന്നു.
വരുമാനം കുറഞ്ഞതും കൊറോണക്കാലം മുന്‍നിര്‍ത്തിയുള്ള അധികം ചിലവുകളും ധനക്കമ്മി ഉയരാനുള്ള പ്രധാന കാരണങ്ങളാണ്. വരുമാനത്തിലെ കുറവ് മാത്രം ധനക്കമ്മി 4.5 ശതമാനത്തിലെത്താന്‍ കാരണമാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. നേരത്തെ, സര്‍ക്കാര്‍ ആദ്യഘട്ടം പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ പാക്കേജും 20 ലക്ഷം കോടി രൂപയുടെ ഉത്തേജന നടപടികളില്‍പ്പെടും. ഇതിനോടകം 5.6 ലക്ഷം കോടി രൂപ വിവിധ ധനനയങ്ങളുടെ ഭാഗമായി അനുവദിച്ചുകഴിഞ്ഞെന്ന് ധനമന്ത്രി കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.
രണ്ടാം ഘട്ടത്തില്‍ 5.94 ലക്ഷം കോടി രൂപയാണ് സാമ്പത്തിക നടപടികള്‍ക്കായി മാത്രം കേന്ദ്ര വകയിരുത്തിയിട്ടുള്ളത്. നിലവില്‍ 1.14 ലക്ഷം കോടി രൂപയുടെ പ്രാഥമിക ആഘാതമാണ് രാജ്യത്ത് വിലയിരുത്തുന്നത്. ജിഡിപിയുടെ 0.6 ശതമാനം വരുമിത്. എന്നാല്‍ 4.1 ലക്ഷം കോടി രൂപ (ജിഡിപിയുടെ 2.1 ശതമാനം) വായ്്പയെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ധനക്കമ്മി ഉയരുന്നതോടെ സുസ്ഥിരമായ കടബാധ്യതയുടെ പരിധിയും ഉയരുമെന്ന മുന്നറിയിപ്പ് എസ്ബിഐയുടെ പഠനം പറയുന്നുണ്ട്. 2011 സാമ്പത്തിക വര്‍ഷം മുതല്‍ സര്‍ക്കാരിന്റെ കടബാധ്യത കൂടുകയാണ്. കഴിഞ്ഞ എട്ടു വര്‍ഷംകൊണ്ട് 62 ശതമാനത്തില്‍ നിന്നും 66 ശതമാനമായാണ് കടബാധ്യത ഉയര്‍ന്നിരിക്കുന്നത്. ഇതേകാലയളവില്‍ പലിശ നിരക്ക് (റീപ്പോ നിരക്ക്) 8.5 ശതമാനത്തില്‍ നിന്നും 6 ശതമാനമായി ഇടിഞ്ഞു. 2020 സാമ്പത്തിക വര്‍ഷം 4.4 ശതമാനത്തിലാണ് റീപ്പോ നിരക്ക് തുടരുന്നത്.