ഐപിഒ വഴിയുള്ള മൂലധനസമാഹരണം 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

July 14, 2021 |
|
News

                  ഐപിഒ വഴിയുള്ള മൂലധനസമാഹരണം 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

രാജ്യത്തെ കമ്പനികള്‍ ഐപിഒ വഴി നടത്തിയ മൂലധനസമാഹരണത്തില്‍ ഈ വര്‍ഷം വന്‍ വര്‍ധന. 2007 ന് ശേഷം ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ മൂലധനം സമാഹരിച്ച വര്‍ഷമായിരിക്കുകയാണ് 2021. അടുത്തു തന്നെ നടക്കുന്ന സൊമാറ്റോയുടെ ഐപിഒ കൂടിയാകുമ്പോള്‍ ഈ വര്‍ഷം വിവിധ കമ്പനികള്‍ സമാഹരിച്ച തുക 19277 കോടി രൂപയാകും. കൂടാതെ തുടര്‍ വില്‍പ്പനയിലൂടെ 20024 കോടി രൂപയും സമാഹരിച്ചിട്ടുണ്ട്.
2007 ആണ് ഇക്കാര്യത്തില്‍ ഏറ്റവും മികച്ചു നിന്ന വര്‍ഷം. 32102 കോടി രൂപയാണ് വിവിധ കമ്പനികള്‍ അന്ന് ഐപിഒയിലൂടെ മൂലധനം സമാഹരിച്ചത്.

ഈ ആഴ്ച നടക്കുന്ന സൊമാറ്റോയുടെ ഐപിഒ 9000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. കൂടാതെ പേടിഎം 12000 കോടി രൂപയുടെ ഐപിഒ കൂടി ഈ വര്‍ഷം ലക്ഷ്യമിടുന്നുണ്ട്. ഇതിനു പുറമേ എല്‍ഐസിയുടെ ഐപിഒ കൂടിയാകുമ്പോള്‍ പുതിയ റെക്കോര്‍ഡ് കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2013 മുതല്‍ ഓഹരികളുടെ തുടര്‍വില്‍പ്പനകളാണ് ഐപിഒയില്‍ കൂടുതലായി നടന്നു വരുന്നത്. 2017ല്‍ 55467 കോടി രൂപയുടെ തുടര്‍വില്‍പ്പന നടന്നു. 11679 കോടി രൂപ ഐപിഒ വഴിയും കമ്പനികള്‍ സമാഹരിച്ചു.

ഈ വര്‍ഷം ഐപിഒയുടെയും തുടര്‍ വില്‍പ്പനയുടെയും അനുപാതം 49:51 ശതമാനത്തിലെത്തി. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ശരാശരി അനുപാതം 28:72 ശതമാനമായിരുന്നു. 2001-2008 കാലയളവില്‍ ഐപിഒ വഴിയുള്ള സമാഹകരണം 80 ശതമാനത്തിലെത്തിയിരുന്നു. മുമ്പ് മാനുഫാക്ചറിംഗ് മേഖലയിലെ കമ്പനികള്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനും നിലവിലുള്ള ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുമൊക്കെയായാണ് ഐപിഒ നടത്തിയിരുന്നത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ടെക്നോളജി കമ്പനികളാണ് കൂടുതലായും ഫണ്ട് കണ്ടെത്തുന്നതിനായി ഐപിഒയെ ആശ്രയിക്കുന്നത്.

Read more topics: # ഐപിഒ, # ipo,

Related Articles

© 2025 Financial Views. All Rights Reserved