
ന്യൂഡല്‍ഹി: കമ്പനി ബോര്‍ഡുകളുടെ ഭാഗമാകാന്‍ വനിതകള്‍ വൈമുഖ്യം കാട്ടുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബജറ്റിനു ശേഷം വ്യവസായ മേഖലയിലെയും ബാങ്കിങ് രംഗത്തെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയായിരുന്നു മന്ത്രി. ഈ മേഖലയില്‍ താല്‍പര്യമുള്ള വനിതകളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. താന്‍ പലരെയും വ്യക്തിപരമായി ക്ഷണിച്ചിട്ടുണ്ട്. നിങ്ങളുടെ അനുഭവപരിചയം ആവശ്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചെങ്കിലും മിക്കവരും വരാന്‍ തയാറായില്ലെന്നും മന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സിന്റെ പകുതിയിലധികം പേരും ഇപ്പോള്‍ സ്ത്രീകളാണെന്നും അവരോടൊപ്പം ജോലി ചെയ്യുന്ന അനുഭവം കൂടുതല്‍ മികച്ചതും എളുപ്പമുള്ളതും നിരവധി കാഴ്ചപ്പാടുകളിലേക്കും സന്തുലിതാവസ്ഥയിലേക്കും നയിക്കുന്നതാണെന്നും റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു. കമ്പനി നിയമത്തിലെ മാറ്റങ്ങളും കോര്‍പ്പറേറ്റ് ഭരണം സംബന്ധിച്ച ഉദയ് കൊട്ടക് കമ്മിറ്റിയുടെ ശുപാര്‍ശകളും കണക്കിലെടുത്ത് വനിതാ ഡയറക്ടര്‍മാരുടെ എണ്ണം 3.5 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 20 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്ന് അവാന ക്യാപിറ്റലിന്റെ സ്ഥാപകയായ അഞ്ജലി ബന്‍സാല്‍ പറഞ്ഞു.
ബാങ്കുകള്‍ കൂടുതല്‍ ഉപയോക്തൃസൗഹൃദമാകണമെന്നും നിര്‍മ്മല ചൂണ്ടിക്കാട്ടി. ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ വായ്പയെടുക്കാനുള്ള സൗകര്യം ഒരുക്കണം. അതേസമയം, ബാങ്കിന് വലിയ റിസ്‌ക് ഉണ്ടാക്കുന്ന അവസ്ഥയുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയ്ക്ക് ബജറ്റ് വിഹിതം കുറഞ്ഞതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. ആരോഗ്യമേഖല പ്രധാനമായും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ധന സെക്രട്ടറി ടി.വി സോമനാഥന്‍ ചൂണ്ടിക്കാട്ടി.