
മുംബൈ: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഉടലെടുത്ത വര്‍ക് ഫ്രം ഹോം സംസ്‌കാരം തുടരുമെന്ന് ബില്‍ ഗേറ്റ്‌സ്. ഇത് വളരെ ഫലപ്രദമായെന്നാണ് പല കമ്പനികളും നോക്കിക്കാണുന്നത്. അതിനാല്‍ തന്നെ മഹാമാരിക്ക് ശേഷവും ഇത് തുടരാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡിനെ തുടര്‍ന്ന് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും ഇപ്പോഴും കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുണ്ട്. അതിനാല്‍ തന്നെ കമ്പനികളെല്ലാം ജീവനക്കാരോട് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ട സാഹചര്യമാണ്. 'വര്‍ക് ഫ്രം ഹോം രീതി വളരെ ഫലപ്രദമായാണ് പോകുന്നതെന്നത് ആശ്ചര്യയകരമാണ്. ഇത് തുടരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,' ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം താന്‍ ജോലിയുടെ ഭാഗമായി യാത്ര ചെയ്തിട്ടേയില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പല കാര്യങ്ങളും ചെയ്യാന്‍ ഈ സമയം ഉപയോഗിച്ചു. അത് കണ്ണ് തുറപ്പിക്കുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വര്‍ക്ക് ഫ്രം ഹോമിന് ദോഷവശങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരെ സംബന്ധിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ മറ്റ് പല കാര്യങ്ങളിലും ശ്രദ്ധ തിരിക്കേണ്ടി വരും. കുട്ടികളുണ്ടെങ്കില്‍ അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നിര്‍ബന്ധിതരാവും. അത് ജോലിക്ക് അത്ര ഗുണകരമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.