
ഓവര്‍ടൈം വേതനം നല്‍കിയാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തൊഴിലാളികളെ 8 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കാന്‍ കഴിയൂവെന്ന് കേന്ദ്രം. തൊഴില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയ സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി പാനലിന് നല്‍കിയ വിശദീകരണത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കര്യം അറിയിച്ചത്. ഒമ്പത് സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതിവരുത്തിക്കൊണ്ട് പ്രവൃത്തി സമയം 8 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് വിവിധ തൊഴിലാളി സംഘനകള്‍ ഇതിനെതിരെ പ്രതിഷേധം നടത്തിയതിനെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളും തീരുമാനം പിന്‍വലിക്കുകയായിരുന്നു.
തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നതില്‍ വിശദീകരണം ആവശ്യപ്പെട്ട് തൊഴില്‍ സംബന്ധിച്ച പാര്‍ലമെന്ററി പാനല്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചിരുന്നു. ഇത് സംബന്ധിച്ച് പാര്‍ലമെന്റ് അംഗമായ മഹ്തബിന്റെ നേതൃത്വത്തിലുള്ള പാനല്‍ അംഗങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്തിരുന്നു. പ്രത്യേകിച്ചും പ്രവൃത്തി സമയം എട്ട് മുതല്‍ പന്ത്രണ്ട് വരെ വര്‍ദ്ധിപ്പിക്കുന്നതില്‍. ഇന്ത്യ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷനില്‍ (ഐഎല്‍ഒ) ഒപ്പുവെച്ചതിനാല്‍ തൊഴില്‍ സമയം രാജ്യത്തില്‍ അനുവദിച്ച നിശ്ചിത എട്ട് മണിക്കൂറിനപ്പുറം പോകാന്‍ കഴിയില്ലെന്ന് പാനല്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇതിന് വിശദീകരണമായി, പ്രവൃത്തി സമയം വര്‍ദ്ധിപ്പിക്കണമെങ്കില്‍ അത് തൊഴിലാളികളുടെ സമ്മതത്തോടെയാണ് ചെയ്യേണ്ടതെന്നും അവര്‍ക്ക് ഓവര്‍ടൈം വേതനം അല്ലെങ്കില്‍ കോമ്പന്‍സേറ്ററി ലീവ് നല്‍കി കോമ്പന്‍സേഷന്‍ നല്‍കേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഫീഷ്യല്‍സ് പാനലിനെ അറിയിക്കുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു.
ഗുജറാത്ത് അടക്കം ചില സംസ്ഥാനങ്ങള്‍ തൊഴില്‍ സമയം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂര്‍ ആക്കിയിരുന്നു. യുപി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും തൊഴിലുടമകള്‍ക്ക് അനുകൂലമായ രീതിയില്‍ നിയമനങ്ങളില്‍ ഇളവു വരുത്തിയിരുന്നു. ആനുകൂല്യങ്ങള്‍, പിരിച്ചുവിടല്‍ തുടങ്ങിയ കാര്യങ്ങളില്‍ തൊഴിലുടമകള്‍ക്ക് അധികാരം നല്‍കുന്ന വിധത്തിലാണ് ചില സംസ്ഥാനങ്ങള്‍ ഇളവുകള്‍ വരുത്തിയിരുന്നത്.