
വാഷിങ്ടണ്‍: കൊവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഇന്ത്യയെ സഹായിക്കാന്‍ മുന്നോട്ട് വന്ന അമേരിക്കയുടെയും ഫ്രാന്‍സിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്ത് ലോകബാങ്ക്. കൊവിഡ് 19 പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കാനുള്ള ഫ്രാന്‍സിന്റെയും അമേരിക്കയുടെയും തീരുമാനത്തില്‍ അത്യധികം സന്തോഷമുണ്ടെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് ട്വിറ്ററിലൂടെ പറഞ്ഞു.
ഏപ്രില്‍ 15 ന് നടത്തിയ പ്രസംഗത്തില്‍ ആവശ്യത്തിലധികം വാക്‌സീന്‍ കൈവശമുള്ള രാജ്യങ്ങള്‍ അത് മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറണമെന്നും കൊവിഡില്‍ പരസ്പരം സഹായിക്കാന്‍ തയ്യാറാകണമെന്നും മാല്‍പാസ് പറഞ്ഞിരുന്നു. വാക്‌സീന് പണം നല്‍കാന്‍ അതിവേഗത്തില്‍ സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ ലോകബാങ്ക് തുടങ്ങിക്കഴിഞ്ഞു.
കൊവിഡിനെതിരെ ഇന്ത്യ സ്വീകരിച്ച സ്ട്രാറ്റജിയെ വളരെയധികം ലോകബാങ്കും പിന്തുണച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലൂടെയായിരുന്നു നടപടികള്‍. ഇന്ത്യയുടെ ആരോഗ്യരംഗത്ത് അടിയന്തിര ആവശ്യങ്ങള്‍ ലഭ്യമാക്കാന്‍ ആദ്യ ഘട്ടത്തില്‍ ഇടപെട്ട ലോകബാങ്ക് കൊവിഡിന്റെ ആഘാതം ഏറ്റവുമധികം നേരിട്ട സാമൂഹിക വിഭാഗങ്ങളെ സഹായിക്കാന്‍ പ്രത്യേക പദ്ധതിയും തയ്യാറാക്കി. സാമ്പത്തിക നില ഭദ്രമാക്കുന്നതിന് വേണ്ടി ഇന്ത്യയിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യാപാരങ്ങളെ സാമ്പത്തികമായി സഹായിക്കാനുള്ള പദ്ധതിയും തയ്യാറാക്കിയിരുന്നു.