
പാരീസ്: ആഗോള സമ്പദ് വ്യവസ്ഥ ഈ വര്‍ഷം ആറ് ശതമാനത്തോളം വളര്‍ച്ച കൈവരിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റ് (ഒഇസിഡി) തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് -19 സൃഷ്ടിച്ച നഷ്ടങ്ങളില്‍ നിന്നുള്ള കരകയറല്‍ വിവിധ പ്രദേശങ്ങളില്‍ അസമമമായിട്ടായിരിക്കും ഉണ്ടാകുക എന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ലോകത്തെ മൂന്ന് പ്രധാന സാമ്പത്തിക ശക്തികളാണ് പ്രധാനമായും വളര്‍ച്ചയെ നയിക്കുന്നത്. ഇവയില്‍ ചൈനയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) എട്ട് ശതമാനത്തിലധികം വര്‍ധിക്കുമെന്നാണ് പാരീസ് ആസ്ഥാനമായുള്ള ഒഇസിഡി വിലയിരുത്തുന്നത്. യുഎസിലെ ജിഡിപി വളര്‍ച്ച 7 ശതമാനമായി രേഖപ്പെടുത്തും. യൂറോപ്യന്‍ യൂണിയന്‍ പതിവിലും ഉയര്‍ന്ന 4.25 ശതമാനം വളര്‍ച്ച രേഖപ്പെടുത്തും.
കഴിഞ്ഞ വര്‍ഷം കോവിഡ് 19 മൂലമുണ്ടായ വലിയ തിരിച്ചടിയും ഈ വര്‍ഷം ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്. 2020ല്‍ പ്രധാന സമ്പദ് വ്യവസ്ഥകളില്‍ ചൈനമാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ നേരിയ വളര്‍ച്ച മാത്രമാണ് ചൈനയ്ക്കും സാധ്യമായത്.
2020ല്‍ 3.5 ശതമാനം സങ്കോചമാണ് ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായത്. ഇത് വലിയ കുതിച്ചുചാട്ടം ഈ വര്‍ഷം സൃഷ്ടിച്ചേക്കുമെന്ന പ്രതീക്ഷകളെ കോവിഡ് രണ്ടാം തരംഗം ബാധിച്ചു. മഹാമാരിക്ക് മുമ്പ് പ്രതീക്ഷിച്ചിരുന്ന നിലയിലേക്ക് ജീവിതനിലവാരം തിരിച്ചെത്തിക്കാന്‍ അടുത്ത വര്‍ഷം അവസാനത്തോടെ പോലും സാധ്യമാകില്ലെന്ന് ഒഇസിഡി പറഞ്ഞു.