2100-ഓടെ ലോകജനസംഖ്യ കുറയും, സാമ്പത്തിക വളര്‍ച്ച തടസ്സപ്പെടും

July 16, 2020 |
|
News

                  2100-ഓടെ ലോകജനസംഖ്യ കുറയും, സാമ്പത്തിക വളര്‍ച്ച തടസ്സപ്പെടും

വാഷിങ്ടണ്‍: നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകജനസംഖ്യയില്‍ വലിയ കുറവുണ്ടാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്വേഷന്റെ പഠനം. സാമ്പത്തിക ശക്തിയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

2100-ഓടെ, 195 രാജ്യങ്ങളില്‍ 183 എണ്ണത്തിലെ പ്രതീക്ഷിതജനനനിരക്ക് നിലനിര്‍ത്താന്‍ കുടിയേറ്റനയങ്ങളിലെ ഉദാരവത്കരണംകൊണ്ടുമാത്രമേ സാധിക്കൂ. 2064 ആവുമ്പോഴേക്ക് ലോക ജനസംഖ്യനിരക്ക് 970 കോടിയിലെത്തും. നൂറ്റാണ്ടിന്റെ അവസാനത്തോടെ 880 കോടിയായി ഇത് കുറയും. ജപ്പാന്‍, തായ്ലാന്‍ഡ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുള്‍പ്പെടെ 23 രാജ്യങ്ങളില്‍ ജനസംഖ്യ പകുതിയായി കുറയുമെന്നും പഠനം പറയുന്നു.

ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരില്‍ നാടകീയമായ ഇടിവാണ് പ്രതീക്ഷിക്കുന്നത്. ഇത് സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ആഗോളശക്തികളില്‍ മാറ്റംവരുത്തുകയും ചെയ്യും. ആഗോളതലത്തില്‍ പ്രായഘടനയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പുതിയ പഠനം പ്രവചിക്കുന്നു.

2100-ല്‍ ആഗോളതലത്തില്‍ 65 വയസ്സിനു മുകളിലുള്ള 230 കോടി പേരും, 20 വയസ്സിനുതാഴെ 170 കോടി പേരുമാണ് ഉണ്ടാവുന്നതെങ്കില്‍ അടുത്തനൂറ്റാണ്ടില്‍ അതിന് ഇനിയും വ്യത്യാസം വരും. തൊഴിലെടുക്കാന്‍ പ്രാപ്തിയുള്ള തലമുറയുടെ എണ്ണം പലരാജ്യങ്ങളിലും കുറയുമെന്നതിനാല്‍ ജനസംഖ്യയിലെ ഇടിവ് പരിഹരിക്കാനും സാമ്പത്തികവളര്‍ച്ച നിലനിര്‍ത്താനും കുടിയേറ്റനയത്തില്‍ ഉദാരവത്കരണം കൊണ്ടുവരേണ്ടിവരും. രാജ്യങ്ങള്‍തന്നെ അതിന് മുന്‍കൈയെടുക്കേണ്ടതുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved