
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട ഭവന വായ്പാ സ്ഥാപനമായ ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ (ഡിഎച്ച്എഫ്എല്‍) സാമ്പത്തിക പ്രതിസന്ധി മൂലം പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിക്ക് വേണ്ട വിധത്തിലുള്ള മൂലധന പര്യാപ്തിയില്ലെന്നും, വിതരണത്തിനാവശ്യമായ ഫണ്ടില്ലെന്നും, പണം സ്വരൂപിക്കുന്നതിനുള്ള കഴിവ് കമ്പനിക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ജൂണില്‍ അവസാനിച്ച പാദത്തില്‍ കമ്പനിക്ക് 22.23 ബില്യണ്‍ രൂപയുടെ അറ്റ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മുന്‍വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 1.34 ബില്യണ്‍ ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കമ്പനിയുടെ ഓഹരി വിപണിയിലടക്കം ഭീമമായ നഷ്ടമാണ് കഴിഞ്ഞ ദിവസം അവസാനിച്ച വ്യാപാരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 30 സതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മാര്‍ച്ചില്‍ അവസാനിച്ച കമ്പനിയുടെ അറ്റ നഷ്ടമായി കണക്കാക്കുന്നത് 2,224 കോടി രൂപയാണ്. വരുമാനം നിശ്ചയിക്കുന്നതിനും, വായ്പാ കൊടുക്കുന്ന പരിധിയിലും വന്‍ ക്രമക്കേടും നടത്തിപ്പിന്റെ പോരായ്മയുമാണ് രാജ്യത്തെ പ്രധാനപ്പെട്ട ഭവന വായ്പാ സ്ഥാപനമായ ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുന്നതിന് കാരണമായത്. കമ്പനിയുടെ ആകെ സാമ്പത്തിക ബാധ്യത ഇപ്പോള്‍ 80,000 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.