
ഇന്ത്യയുടെ പഞ്ചസാര കയറ്റുമതിക്ക് മേലുള്ള സബ്‌സിഡിയുമായി ബന്ധപ്പെട്ട പരാതികള്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ലോക വ്യാപാര സംഘടനയായ ഡബ്ല്യുടിഒ പരിശോധനകള്‍ നടത്താനായി പ്രത്യേക സമിതിയെ നിയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയ, ബ്രസീല്‍, ഗ്വാട്ടിമാല എന്നീ രാഷ്ട്രങ്ങളാണ് ഇന്ത്യയുടെ പഞ്ചസാര കയറ്റുമതിക്ക് മേലുള്ള സബ്‌സിഡിയുമായി ബന്ധപ്പെട്ട പരാതികളുമായി രംഗത്തെത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ക്ക് വിരുദ്ധവും, ഇന്ത്യയുടെ രീതി ശരിയല്ലെന്നുമാണ് ബ്രസീല്‍ അടക്കമുള്ള പഞ്ചസാര ഉത്പാദന രാഷ്ട്രങ്ങള്‍ ഉന്നയിക്കുന്നത്.
അതേസമയം സബ്‌സിഡി പിന്‍വലിക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്നാണ് വിവവരം. ഇതുമായി ബന്ധപ്പെട്ട് ലോക വ്യാപാര സംഘടനയ്ക്ക് വിശദീകരണം നല്‍കുമെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഡബ്ല്യുടിഒയുടെ ഭാഗത്ത് നിന്ന് ഇപ്പോള്‍ ഉണ്ടായ നടപടി സ്വാഭാവികമാണെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പഞ്ചസാര ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവുണ്ടാകുമെന്നാണ് വിവിധ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. പ്രശ്‌നം കൂടുതല്‍ വശളാകാതിരിക്കാന്‍ ഇന്ത്യ കരുതലോടെയാണ് നീക്കം നടത്തുന്നത്.