എംഐ ബ്രാന്‍ഡിനോട് വിട പറയാനൊരുങ്ങി ഷവോമി

August 26, 2021 |
|
News

                  എംഐ ബ്രാന്‍ഡിനോട് വിട പറയാനൊരുങ്ങി ഷവോമി

ലോഞ്ച് ചെയ്യാനിരിക്കുന്ന എംഐ മിക്‌സ് സീരീസിലെ 'മിക്‌സ് 4' എന്ന ഫോണ്‍ 'ഷവോമി മിക്‌സ് 4' എന്ന പേരിലായിരിക്കും അവതരിപ്പിക്കുക. ചൈനയിലെ ബീജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്‌സ് കമ്പനിയായ ഷവോമി 10 വര്‍ഷമായി പിന്തുടരുന്ന തങ്ങളുടെ എംഐ ബ്രാന്റിങ് ആണ് ഒഴിവാക്കുന്നത്. ഫോണില്‍ മാത്രമല്ല സ്മാര്‍ട്ട് ടിവി, ഫിറ്റ്നസ് ബാന്‍ഡ്, ലാപ്‌ടോപ്, സ്മാര്‍ട് വാച്ച് തുടങ്ങി മിക്ക ഷവോമി ഉത്പന്നങ്ങളിലും എംഐ ബ്രാന്‍ഡിങുണ്ട്. ഇനി ഷവോമി എന്ന പേരിലാണ് ഈ ഉത്പന്നങ്ങള്‍ പുറത്തിറക്കുക.

ബജറ്റ് ഫോണുകള്‍ ആണ് ആദ്യം എംഐ ബ്രാന്‍ഡിന് കീഴില്‍ ലോഞ്ജ് ചെയ്തിരുന്നത്. ഇപ്പോള്‍ പവര്‍ ബാങ്ക് മുതല്‍ ലാപ്‌ടോപ് വരെ ലഭ്യമാണ്. പ്രീമിയം കാറ്റഗറിയിലുള്ള പ്രൊഡക്റ്റുകള്‍ ഷവോമി അവതരിപ്പിച്ചിരുന്നത് എംഐയുടെ കീഴിലായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തോളമായി തങ്ങളുടെ ഉത്പന്നങ്ങളില്‍ പതിച്ചിരുന്ന എംഐ എന്ന ബ്രാന്‍ഡിങിന് പകരം ഇനിയങ്ങോട്ട് ഷവോമി എന്ന ബ്രാന്‍ഡിങ് മതിയെന്നാണ് കമ്പനിയുടെ നിലപാട്. അതേസമയം ഷവോമിയുടെ റെഡ്മി ബ്രാന്‍ഡ് നിലനിര്‍ത്തും. യുവാക്കളെ ലക്ഷ്യമിട്ട് ആകര്‍ഷകമായ വിലയില്‍ പുതുമകളോടെ റെഡ്മി ഫോണുകള്‍ വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചു.

'2021 മൂന്നാം പാദം മുതല്‍ ഷവോമിയുടെ ഉത്പന്ന സീരീസായ എംഐ ഷവോമി എന്ന് പുനര്‍നാമകരണം ചെയ്യപ്പെടും. ഈ മാറ്റത്തോടെ തങ്ങളുടെ ആഗോളതലത്തിലുള്ള ബ്രാന്‍ഡ് ഏകീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഈ മാറ്റം എല്ലാ പ്രദേശങ്ങളിലും പ്രാബല്യത്തില്‍ വരാന്‍ കുറച്ച് സമയമെടുത്തേക്കാം,' ഷവോമി വക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ കമ്പനിയുടെ പേര് ഇപ്പോള്‍ വേണ്ടത്ര തിരിച്ചറിയപ്പെടുന്നുണ്ടെന്നും അതുകൊണ്ട് ഇനി ഷവോമി എന്ന പേര് മതിയെന്നുമാണ് കമ്പനിയുടെ തീരുമാനം. എംഐ ഹോം സ്റ്റോറുകളില്‍ എംഐ ബ്രാന്‍ഡ് ലോഗോ ഉപയോഗിക്കുന്നത് തുടരും. 2011 ആഗസ്തിലാണ് ഷവോമിയുടെ ആദ്യത്തെ ഐഎ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിയത്. സാംസങ്ങിനെയും ആപ്പിളിനെയും പിന്തള്ളി ഷവോമി അടുത്തിടെ ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി മാറി. ബ്രാന്‍ഡ് മാറിയതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് അറിവൊന്നും ലഭിച്ചിട്ടില്ലെന്നു ഷവോമി ഫോണുകളുടെ റീറ്റയില്‍ ഷോപ്പായ തിരുവനന്തപുരം ഝഞട ന്റെ മാനേജര്‍ അജിത് പറഞ്ഞു.

Read more topics: # Xiaomi, # എംഐ,

Related Articles

© 2025 Financial Views. All Rights Reserved