കൊവിഡ് വ്യാപനം: 2 പ്ലാന്റുകളിലെ ഉല്‍പ്പാദനം താത്കാലികമായി നിര്‍ത്താന്‍ ഒരുങ്ങി യമഹ

May 11, 2021 |
|
News

                  കൊവിഡ് വ്യാപനം: 2 പ്ലാന്റുകളിലെ ഉല്‍പ്പാദനം താത്കാലികമായി നിര്‍ത്താന്‍ ഒരുങ്ങി യമഹ

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ യമഹ ഇന്ത്യയിലെ രണ്ട് പ്ലാന്റുകളിലെ ഉല്‍പ്പാദനം താത്കാലികമായി നിര്‍ത്തുന്നു. കൊവിഡ് വ്യാപനത്തില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ ഉദ്ദേശിച്ചാണ് നീക്കും. ഉത്തര്‍പ്രദേശിലെ സുരജ്പുറിലെയും തമിഴ്‌നാട്ടിലെ ചെന്നൈയിലും ഉള്ള പ്ലാന്റുകളാണ് അടയ്ക്കുന്നത്.

മെയ് 15 ന് അടയ്ക്കുന്ന പ്ലാന്റുകള്‍ മെയ് 31 വരെ തുറക്കില്ലെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. ജൂണില്‍ ഉല്‍പ്പാദനം തുടരണോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. സാഹചര്യം നോക്കി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, തങ്ങളുടെ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചത് കൊണ്ടാണോ ഈ തീരുമാനമെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞിട്ടില്ലെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി ഉയരുന്നത് വ്യവസായ മേഖലയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ഒന്നാം തരംഗത്തില്‍ നിന്ന് പതിയെ കരകയറുമ്പോഴാണ് രണ്ടാം തരംഗം വ്യവസായ മേഖലയ്ക്ക് കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്നത്. ഉല്‍പ്പാദനം നിര്‍ത്തിവെക്കുന്നതും വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണും സാമ്പത്തിക രംഗത്തിന്റെ മുന്നോട്ട് പോക്ക് മന്ദഗതിയിലാക്കും.

Related Articles

© 2024 Financial Views. All Rights Reserved