
ന്യൂഡല്‍ഹി: യെസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍. ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെ കുടിശ്ശിക തീര്‍ക്കാനും മറ്റ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വായ്പ തിരിച്ചടയ്ക്കാനും യെസ് ബാങ്ക് അനുവദിച്ചു. ഐഎംപിഎസ് / നെഫ്റ്റ് വഴി ആന്തരിക പേയ്മെന്റുകള്‍ സാധ്യമാക്കിയിട്ടുണ്ടെന്നും ഉപയോക്താക്കള്‍ക്ക് അവരുടെ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക മറ്റ് അക്കൗണ്ടുകള്‍ വഴി അടക്കാമെന്നും ബാങ്ക് അറിയിച്ചു.
പണം പിന്‍വലിക്കലിന്മേലുള്ള മൊറട്ടോറിയം ശനിയാഴ്ചയ്ക്കകം നീക്കാമെന്ന് പുതുതായി നിയമിതനായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനമുണ്ടായത്. ഉപഭോക്താക്കള്‍ക്കായി മുഴുവന്‍ സേവനങ്ങളും പുനസ്ഥാപിക്കുന്നതിനായി ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കള്‍ക്കിടയില്‍ ഈ നീക്കം ഏറെ ആത്മവിശ്വാസമുണ്ടാക്കിയിട്ടുണ്ട്.
മൂലധന പ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടിയിരുന്ന യെസ് ബാങ്കിനെ റിസര്‍വ് ബാങ്ക് ഏറ്റെടുത്ത് പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുക 50,000 രൂപയായി നിജപ്പെടുത്തിയിരുന്നു. ഒരു മാസത്തെ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചിരുന്നത്. ഒപ്പം പ്രശാന്ത് കുമാറിനെ അഡ്മിനിസ്‌ട്രേറ്ററായും നിയമിച്ചു. കരട് റെസല്യൂഷന്‍ പ്ലാനിലും ഇത് പ്രവര്‍ത്തിക്കുന്നുണ്ട്, ഇത് പ്രകാരം യെസ് ബാങ്കിന്റെ ഇക്വിറ്റിയുടെ 49 ശതമാനം എസ്ബിഐയ്ക്ക് 10 രൂപയ്ക്ക് ഏറ്റെടുക്കാവുന്നതാണ്. ഈ പുനരുജ്ജീവന പദ്ധതി അംഗീകാരത്തിനായി എത്രയും വേഗം സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ്.