യെസ് ബാങ്ക്-ഡിഎച്ച്എഫ്എല്‍ കേസ്:5,050 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി

April 23, 2022 |
|
News

                  യെസ് ബാങ്ക്-ഡിഎച്ച്എഫ്എല്‍ കേസ്:5,050 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി

മുംബൈ: യെസ് ബാങ്ക്-ഡിഎച്ച്എഫ്എല്‍ കേസില്‍ റാണാ കപൂറും വാധവാന്‍മാരും 5,050 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. യെസ് ബാങ്ക് സഹസ്ഥാപകനാണ് റാണാ കപൂര്‍. കപില്‍, ധീരജ് വാധവാന്‍ എന്നിവര്‍ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സിന്റെ പ്രൊമോട്ടര്‍മാരാണ്.

കുറ്റകൃത്യത്തില്‍ ലഭിച്ച പണത്തിന്റെ വലിയൊരു ഭാഗം റാണാ കപൂര്‍ വിദേശത്തേയ്ക്ക് കടത്തിയിട്ടുണ്ടെന്നും അതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് കീഴില്‍ ഇത് നേരിട്ട് ബന്ധപ്പെടുത്താന്‍ സാധിക്കില്ലെന്നും ഇഡി വ്യക്തമാക്കി. 2018 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 3700 കോടി രൂപയുടെ കടപ്പത്രങ്ങള്‍ യെസ് ബാങ്ക് വാങ്ങിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ തുക പിന്നീട് ദിവാന്‍ ഹൗസിംഗ് ഫിനാന്‍സിന് കൈമാറിയതായും ഇഡി കണ്ടെത്തി.

റാണാ കപൂറിന്റേയും കുടുംബത്തിന്റേയും ഉടമസ്ഥതയിലുള്ള സ്ഥാപനമായ ഡൂ ഇറ്റ് അര്‍ബന്‍ വെന്‍ചറിന് ഡിഎച്ച്എഫ്എല്‍ 600 കോടി രൂപ വായ്പ നല്‍കി. ഹ്രസ്വകാല കടപ്പത്രങ്ങള്‍ വാങ്ങുന്നതിനായി യെസ് ബാങ്ക് പൊതുപണം ഉപയോഗിച്ചിട്ടുണ്ടെന്നും അത് ഇതുവരെ ഡിഎച്ച്എഫ്എല്‍ വീണ്ടെടുത്തിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 39.68 കോടി രൂപ വിലയുള്ള  വസ്തുവകകള്‍ക്ക് 600 കോടി രൂപ വായ്പ നല്‍കിയതായും, കൃഷിഭൂമി വാസസ്ഥലമാക്കി മാറ്റുന്നതിന്  735 കോടി രൂപ നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ ഈ തുകയൊന്നും തിരിച്ചടയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കില്ലെന്നാണ് ഇഡി വിലയിരുത്തുന്നത്.

Related Articles

© 2025 Financial Views. All Rights Reserved