
ന്യൂഡല്‍ഹി: യെസ് ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി കേന്ദ്രസര്‍ക്കാരും ആര്‍ബിഐ പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി നിക്ഷേപകരെ വിശ്വാസത്തിലെടുക്കുന്ന പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. അതേസമയം ഉപഭോക്താക്കളുടെ പരാതികള്‍ക്ക് നാളെ മുതല്‍ പരിഹാരമുണ്ടാകുമെന്ന് വ്യക്തമാക്കി യെസ് ബാങ്ക് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ബാങ്കിന്റെ എല്ലാ എടിഎം കേന്ദ്രങ്ങളിലും, ബ്രാഞ്ച് കേന്ദ്രങ്ങളിലും ആവശ്യത്തിന് പണവും എത്തും. ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാങ്ക് വന്‍ സൗകര്യം തന്നെ ഇതിനകം ഒരുക്കുകയും ചെയ്തിട്ടുണ്ട്.
മൊറട്ടോറിയം നാളെ വൈകീട്ട് ആറ് മണിയോടെ മാറ്റുമെന്നാണ് സൂചന.എല്ലാ എ ടി എമ്മുകളും നിറക്കുമെന്നും ബ്രാഞ്ചുകളില്‍ പണം എത്തുമെന്നും യെസ് ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ എല്ലാ സേവനങ്ങളും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നടത്തിയിട്ടുള്ളതുപോലെ ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്ക് ഭയം ആവശ്യമില്ലെന്നും യെസ് ബാങ്ക് അധികൃതര്‍ വിശദമാക്കി. എന്നാല്‍ നിക്ഷേപകര്‍ ആരും തന്നെ പരിഭ്രാന്തിയിലാകേണ്ട കാര്യമില്ലെന്നും പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുമെന്നും ആര്‍ബിഐയും വ്യക്തമാക്കി.
കിട്ടാക്കടങ്ങള്‍ പെരുകിയതാണ് ബാങ്കിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായത്. അതോടപ്പം സ്ഥാപന്‍ റാണ കപൂര്‍ നടത്തിയ സാമ്പത്തിക ക്രമക്കേടും ബാങ്കിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിന് കാരണമായി.