വായ്പാതുക തിരിച്ചടച്ചില്ലെങ്കിൽ നടപടിയില്ലെന്ന് ആർബിഐ; മൂന്ന് മാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു; തിരിച്ചടവ് മുടങ്ങിയാലും ക്രെഡിറ്റ് ഹിസ്റ്ററിയെ ബാധിക്കില്ല

March 27, 2020 |
|
News

                  വായ്പാതുക തിരിച്ചടച്ചില്ലെങ്കിൽ നടപടിയില്ലെന്ന് ആർബിഐ; മൂന്ന് മാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു; തിരിച്ചടവ് മുടങ്ങിയാലും ക്രെഡിറ്റ് ഹിസ്റ്ററിയെ ബാധിക്കില്ല

ന്യൂഡൽഹി: കൊറോണ പശ്ചാത്തലത്തിൽ മൂന്നു മാസത്തേക്ക് വായ്പാതുക തിരിച്ചടച്ചില്ലെങ്കിൽ ഉപഭോക്താവിനുമേല്‍ യാതൊരു നടപടിയുമുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചതിനെതുടര്‍ന്നാണിത്. ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. 2020 മാർച്ച് 1 വരെ കുടിശ്ശികയുള്ള എല്ലാ വായ്പകളുടെയും കാര്യത്തിൽ, തിരിച്ചടവ് ഷെഡ്യൂളും തുടർന്നുള്ള എല്ലാ തീയതികളും മാറ്റാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് പുതിയ നിർദ്ദേശത്തിലൂടെ അനുമതി നൽകി.

ഈ കാലയളവില്‍ വായ്പ തിരിച്ചടവ് മുടങ്ങിയാലും ക്രെഡിറ്റ് ഹിസ്റ്ററിയെ ബാധിക്കരുതെന്നും ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബോധപൂര്‍വം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണക്കാക്കുകയുമരുത്. അതായത്, മൂന്നുമാസത്തേക്ക് വായ്പ തിരിച്ചടച്ചില്ലെങ്കിലും അത് ക്രഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്ന് ചുരുക്കം. വാണിജ്യ ബാങ്കുകള്‍(റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍), സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാനങ്ങള്‍(ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍, മൈക്രോ ഫിനാന്‍സ് കമ്പനികള്‍)തുടങ്ങി എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. മോറൊട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വായ്പ കാലാവധി നീട്ടുകയോ ഉപഭോക്താവിന്റെ താല്‍പര്യപ്രകാരം തിരിച്ചടവ് മറ്റ് തരത്തില്‍ ക്രമീകരിക്കുകയോ ചെയ്യണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved