
കോവിഡിനു ശേഷം 25 വയസിനു താഴെ വായ്പയെടുക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഹ്രസ്വകാല വ്യക്തിഗത വായ്പയെടുക്കുന്നവരുടെ എണ്ണത്തിലാണ് വര്‍ധനയുള്ളത്. വായ്പയെടുക്കുന്നവരുടെ എണ്ണം 2017 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 2.3 മടങ്ങും വായ്പയുടെ മൂല്യം 3.8 മടങ്ങും വര്‍ധിച്ചു. യുവാക്കളില്‍ ഭൂരിഭാഗവും ആദ്യമായാണ് വായ്പയെടുക്കുന്നതെന്ന സവിശേഷതയമുണ്ട്. 65 ശതമാനം പേരും ഇരുചക്രവാഹനങ്ങള്‍ക്കായാണ് വായ്പയെടുക്കുന്നത്. 35 ശതമാനം ആളുകള്‍ ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ പോലുള്ളവ വാങ്ങാനാണ് വായ്പയെടുത്തത്.
ചെറു ബാങ്കുകളേയും ധനകാര്യ സ്ഥാപനങ്ങളേയും സംബന്ധിച്ചു നിലവിലെ സ്ഥിതി ഗുണകരമാണ്. കാരണം വായ്പകളുടെ മൂല്യം കുറഞ്ഞെങ്കിലും എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 2017 സാമ്പത്തികവര്‍ഷത്തില്‍ ശരാശരി വ്യക്തിഗത വായ്പയുടെ മൂല്യം 2.4 ലക്ഷമായിരുന്നു. നിലവിലത് 1.5 ലക്ഷം മാത്രമാണ്. കോവിഡിനെ തുടര്‍ന്നു ആളുകളുടെ വരുമാനത്തില്‍ തടസം നേരിട്ടതും ശമ്പളം കുറഞ്ഞതുമാണ് വായ്പകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം.
2019 മാര്‍ച്ചില്‍ 26,700 കോടി രൂപയുടെ വ്യക്തിഗത വായ്പകളായിരുന്നു ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയത്. 2020 മാര്‍ച്ചില്‍ ഇത് 39,700 കോടി രൂപയാണ്. ഒരുവര്‍ഷത്തിനിടെ വായ്പയിലുണ്ടായ വര്‍ധന 48 ശതമാനം. 2021 ആയപ്പോഴേക്കും വായ്പകളുടെ മൂല്യം 41,200 കോടിയായി. എല്ലാ മേഖലയിലും വായ്പയെടുക്കന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ക്രെഡില്‍ കാര്‍ഡ് വായ്പകളാണ് മേഖലകളില്‍ മുന്നില്‍. മൊത്തം വായ്പയുടെ 17 ശതമാനവും ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയാണ്. 14 ശതമാനം പേര്‍ കാര്‍ഷിക വായ്പകളെടുക്കുമ്പോള്‍ 11.7 ശതമാനം വ്യക്തിഗത വായ്പകളാണ് എടുക്കുന്നത്.
11.2 ശതമാനം പേരാണ് മറ്റാവശ്യങ്ങള്‍ക്കു വായ്പയെടുക്കുന്നത്. സ്വര്‍ണം, ഉപയോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി വായപയെടുക്കുന്നത് യഥാക്രമം 11 ശതമാനവും 10.8 ശതമാനവുമാണ്. ഏഴു ശതമാനം പേര്‍ ഇരുചക്രവാഹന വായ്യെടുക്കുമ്പോള്‍ ആറു ശതമാനം ബിസിനസ് വായ്പകളാണ് എടുക്കുന്നത്. അഞ്ചു ശതമാനം പേര്‍ ഭവന വായ്പകളും നാലു ശതമാനം പേര്‍ മറ്റു വാഹന വായ്പകളും എടുക്കുന്നുണ്ട്. രണ്ടു ശതമാനം പേര്‍ വാണിജ്യ വാഹനങ്ങള്‍ക്കായും ഒരു ശതമാനം റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായും വായ്പയെടുക്കുന്നു. കോവിഡ് വിദ്യാഭ്യാസ മേഖലയെ കാര്യമായി ബാധിച്ചത് വായ്പകളിലും വ്യക്തമാണ്. 0.7 ശതമാനം പേരാണ് വിദ്യാഭ്യാസ വായ്പ എടുത്തത്.
വായ്പകള്‍ വര്‍ധിക്കുന്നതിനൊപ്പം മേഖലയിലെ തട്ടിപ്പുകളും വര്‍ധിക്കുകയാണ്. വായ്പയുടെ പേരില്‍ നടക്കുന്ന പുതിയ തട്ടിപ്പിനെതിരേ ഉപയോക്താക്കള്‍ക്കു മുന്നറിയിപ്പുമായി ബജാജ് ഫിനാന്‍സാണ് നിലവില്‍ രംഗത്തെത്തിയിരിക്കുന്നത്. വായ്പ ലഭിക്കുന്നതിനായി ഇന്‍ഷുറന്‍സ് എടുക്കണമെന്ന തരത്തിലാണ് പുതിയ തട്ടിപ്പ് നിങ്ങളിലേക്കെത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഒട്ടനവധി ആളുകളാണ് തട്ടിപ്പിന് ഇരയായത്. മാസങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്നു ഉപയോക്താക്കള്‍ തന്നെ തിരിച്ചറിയുന്നത്. ഇന്‍ഷുറന്‍സ് പോളിസിക്കൊപ്പം വായ്പ എന്നൊരു പദ്ധതി ബജാജ് ഫിനാന്‍സ് അവതരിപ്പിച്ചിട്ടില്ലെന്നും ബജാജില്‍നിന്നു വായ്പ ലഭിക്കുന്നതിനു മറ്റൊരു ഉല്‍പ്പന്നം വാങ്ങേണ്ട ആവശ്യമില്ലെന്നും കമ്പനി ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും കമ്പനി ഉപയോക്താക്കള്‍ക്കു മുന്നറിയിപ്പു നല്‍കി.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായതോടെ തട്ടിപ്പിനെതിരെ പരാതി നല്‍കാന്‍ കേരളാ പോലീസ് കഴിഞ്ഞ ദിവസം പ്രത്യേക കോള്‍ സെന്റര്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്താണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്താണ് കോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 155260 എന്ന നമ്പറില്‍ വിളിച്ച് പരാതി നല്‍കാം.