മാധ്യമ മേഖലയിലെ വമ്പന്‍ ഡീല്‍; സീ എന്റര്‍ടയ്ന്‍മെന്റ് സോണി ഇന്ത്യയില്‍ ലയിക്കുന്നു

September 22, 2021 |
|
News

                  മാധ്യമ മേഖലയിലെ വമ്പന്‍ ഡീല്‍; സീ എന്റര്‍ടയ്ന്‍മെന്റ് സോണി ഇന്ത്യയില്‍ ലയിക്കുന്നു

കൊച്ചി: എന്റര്‍ടെയ്ന്റ്മന്റ് വ്യവസായ രംഗത്ത് പുതിയ ഡീല്‍. സീ എന്റര്‍ടയ്ന്‍മെന്റ് സോണി ഇന്ത്യയില്‍ ലയിക്കുന്നു. ഇത് സംബന്ധിച്ച് സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സീ എന്റര്‍ടെയ്ന്റ്മന്റ് ലയന കരാര്‍ ഒപ്പിട്ടു. സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക് ഇന്ത്യ ശാഖയും സീ എന്റര്‍ടൈന്‍മെന്റും തമ്മിലുള്ള ലയനത്തിന് സീ എന്റര്‍ടെയ്ന്‍മെന്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി.

പുതിയ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി സീ എന്റര്‍ടെയ്ന്‍മന്റിന്റെ മാനേജിങ് ഡയറക്ടര്‍ പുനിത് ഗോയങ്ക തുടരും. സോണി ഇന്ത്യയുടെ പ്രമോട്ടര്‍മാര്‍ക്ക് ഭൂരിഭാഗം ഡയറക്ടര്‍മാരെയും പുതിയ കമ്പനിയിലേക്ക് നിയമിക്കാനുള്ള അവകാശം ഉണ്ടായിരിക്കും. സീ എന്റര്‍ടൈന്‍മെന്റ് പുതിയ സ്ഥാപനത്തിന്റെ 47.07 ശതമാനം ഓഹരികളാണ് കൈവശം വയ്ക്കുക. അതേസമയം സോണി ഇന്ത്യക്കായിരിക്കും ഭൂരിപക്ഷ ഓഹരികള്‍. 52.93 ശതമാനം ഓഹരികളായിരിക്കും കമ്പനിയുടെ ഉടമസ്ഥതയില്‍ ഉണ്ടാകുക.

ഇതോടെ പുതിയ കമ്പനിയുടെ നിയന്ത്രണം സോണി ഇന്ത്യ നെറ്റ്‌വര്‍ക്കിനായിരിക്കും. ഭൂരിപക്ഷ ഓഹരികള്‍ സോണിക്ക് ആയിരിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലയിപ്പിച്ച സ്ഥാപനത്തിന്റ ഡയറക്ടര്‍ ബോര്‍ഡിന്റെ ഭൂരിഭാഗവും സോണി ഗ്രൂപ്പ് നാമനിര്‍ദ്ദേശം ചെയ്യുന്നവരായിരിക്കും. രണ്ട് സ്ഥാപനങ്ങളും 90 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച കൃത്യമായ കരാറുകള്‍ നടത്തുകയും അന്തിമമാക്കുകയും ചെയ്യും. ഇരു കമ്പനികളും ചേര്‍ന്ന് ലയിക്കുന്ന പുതു സ്ഥാപനം ലിസ്റ്റഡ് കമ്പനിയായിരിക്കും.

സീ എന്റര്‍ടെയ്ന്‍മന്റിന് ഈ രംഗത്ത് ശക്തമായ വളര്‍ച്ചയാണുള്ളതെന്നും ലയനം സീ എന്റര്‍ടെയ്ന്‍മന്റിന് കൂടുതല്‍ ഗുണം ചെയ്യുമെന്നും ഡയറക്ടര്‍ ബോര്‍ഡ് ഉറച്ചു വിശ്വസിക്കുന്നതായി സീ എന്റര്‍ടൈന്‍മെന്റ് ചെയര്‍മാന്‍ ആര്‍. ഗോപാലന്‍ പറഞ്ഞു. ലയനം ബിസിനസ് വളര്‍ത്താന്‍ മാത്രമല്ല കമ്പനിയുടെ വിജയങ്ങളില്‍ നിന്ന് ഓഹരിയുടമകള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാനാകുകയും ചെയ്യും. ശക്തമായ രണ്ട് ബ്രാന്‍ഡുകള്‍ ഒന്നിക്കുന്നതോടെ കമ്പനിയുടെ മൂല്യവും ഉയരും.

സീ ടിവി പോലുള്ള ശക്തമായ ബ്രാന്‍ഡുകള്‍ സീ എന്റര്‍ടെയ്ന്റ്മന്റിനുണ്ട്. ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗിലും ഡിജിറ്റല്‍ മീഡിയയിലും ശക്തമായ സാന്നിധ്യമുള്ള സ്ഥാപനത്തിന്റെ ഡിജിറ്റല്‍ ആസ്തികളും ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിങ് പ്രവര്‍ത്തനങ്ങളും എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവന്നേക്കും. സോണി 150 കോടി ഡോളറോളം നിക്ഷേപിച്ചാണ് ലയന നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved