
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിച്ച സാഹചര്യത്തില്‍ വായ്പാ പദ്ധതികളിലും കണ്‍സ്യൂമര്‍ വായ്പാ സ്‌കീമുകളിലുമെല്ലാം മാറ്റം വരുമെന്ന് സൂചന. ബാങ്കുകള്‍ പലതും ഇപ്പോള്‍ തന്നെ ഇഎംഐ വ്യവസ്ഥകളിലും നിക്ഷേപ പദ്ധിതകളിലും പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ മുമ്പത്തെ അപേക്ഷിച്ച് നോ കോസ്റ്റ് ഇഎംഐ, സീറോ ഡൗണ്‍ പേയ്മെന്റ് എന്നിവ വന്‍ തോതില്‍ കുറയ്ക്കാനാണ് പല മാനുഫാക്ചറിംഗ് കമ്പനികളും തീരുമാനമെടുത്തിരിക്കുന്നത്. ഇതനുസരിച്ച് വലിയ തോതില്‍ ലോണെടുത്ത് സാധനങ്ങള്‍ വാങ്ങുന്നത് കുറയുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്മാര്‍ട്ട്ഫോണ്‍, ടെലിവിഷന്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, എസ് തുടങ്ങി ഒരു വലിയ നിര കണ്‍സ്യൂമര്‍ ഗുഡ്സ് വരെ ഇതുവരെ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടിരുന്നത് ചെറുതുകകള്‍ വലിയ ഒരു കാലഘട്ടം വരെ നീണ്ടു നില്‍ക്കുന്ന ചെറു തവണകളായിട്ടായിരുന്നു. എന്നാല്‍ ഇനിയും ഇത്തരം ഇഎംഐ സ്‌കീമുകള്‍ ഒഴിവാക്കാനാകില്ലെങ്കിലും ഒരു നിശ്ചിത തുകയും വളരെ ചെറിയ കാലഘട്ടത്തിനുള്ളില്‍ അടച്ചു തീര്‍ക്കേണ്ട രീതിയിലേക്കും കാര്യങ്ങള്‍ മാറാനാണ് സാധ്യത.
തൊഴിലില്ലായ്മ, ശമ്പളക്കുറവ്, ലോക്ഡൗണ്‍ മൂലം സാധനങ്ങളുടെ ലഭ്യതയില്‍ വന്ന കുറവ് എന്നിവയെല്ലാം ഇത്തരം മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ബജാജ് ഫിന്‍സേര്‍വ് പോലുള്ള എന്‍ബിഎഫ്സികള്‍ അതിനാല്‍ തന്നെ ഉപഭോക്താക്കളില്‍ നിന്നും മുന്‍ കൂര്‍ ഡൗണ്‍ പേയ്മെന്റ് കൈപ്പറ്റാനാണിട. ഏപ്രിലോടെ ഡിഫോള്‍ട്ട് റേറ്റ് ഉയര്‍ന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നതും.
നോ കോസ്റ്റ് ഇഎംഐ സ്‌കീം പ്രീമിയം ഗുഡ്സ് കാറ്റഗറിയില്‍ തുടരാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ എല്ലാ വായ്പാ പദ്ധതികള്‍ക്കും വ്യവസ്ഥകള്‍ ഇനി കര്‍ക്കശമാക്കിയേക്കും. 15 മുതല്‍ 18 മാസങ്ങള്‍ കൊണ്ട് അടച്ചു തീര്‍ത്തിരുന്ന വായ്പകള്‍ ഇനി മൂന്നു മുതല്‍ 12 മാസം എന്ന പരമാവധി തവണ കാലാവധിയിലേക്ക് പരിണമിക്കും. 15 ശതമാനം വരെ വാര്‍ഷിക പലിശ നല്‍കേണ്ടതായും വരും.