
രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ സെറോധയുടെ മേധാവികളുടെ വാര്‍ഷിക ശമ്പളം 100 കോടി രൂപയായി വര്‍ധിപ്പിച്ചു. നിധിന്‍ കാമത്ത്, നിഖില്‍ കാമത്ത്, ഈയിടെ മുഴുവന്‍ സമയ ഡയറക്ടറായി നിയമിതയായ നിതിന്റെ ഭാര്യ സീമ പാട്ടീല്‍ എന്നിവര്‍ക്കാണ് ഇത്രയും പ്രതിഫലം എടുക്കാന്‍ കമ്പനി ബോര്‍ഡ് അനുവദിച്ചത്.
ഇതോടെ രാജ്യത്തെ ഏറ്റവും പ്രതിഫലം ലഭിക്കുന്ന പ്രമോട്ടര്‍മാരാകും സെറോധയുടെ സ്ഥാപകര്‍. വിപണിയില്‍ ലിസ്റ്റ്ചെയ്ത കമ്പനികളില്‍ സണ്‍ ടിവിയുടെ കലാനിധി മാരന് 87.5 കോടി രൂപയും ഹീറോ മോട്ടോര്‍കോര്‍പിന്റെ പവന്‍ മുഞ്ജലിന് 84.6 കോടി രൂപയുമാണ് ശമ്പളയനിത്തില്‍ ലഭിച്ചത്. ബോര്‍ഡ് യോഗതീരുമാനമാണിതെന്നും ഇത്രയും തുക ലഭിച്ചതായി കരുതേണ്ടെന്നും നിതിന്‍ പ്രതികരിച്ചു. വിവിധ പദ്ധികള്‍ക്കായി ഓരോവര്‍ഷവും ലാഭത്തിന്റെ 5 മുതല്‍ 10 ശതമാനം വരെ നീക്കിവെക്കാറുണ്ടെന്നും നിതിന്‍ വ്യക്തമാക്കി. 2020-21 സാമ്പത്തികവര്‍ഷത്തില്‍ അറ്റാദായം 1000 കോടി രൂപയായി. ബോണസ് നല്‍കുന്നതിനായി അതിന്റെ ഒരുഭാഗം നീക്കവെച്ചതായും അദ്ദേഹം പറയുന്നു.
2010ല്‍ സ്ഥാപിച്ച സെറോധ, ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സിനും ഇന്‍ട്രാ ഡെ ട്രേഡിനും 20 രൂപ നിരക്കിലാണ് ബ്രോക്കര്‍ഫീസ് വാങ്ങുന്നത്. ദീര്‍ഘകാല ഓഹരി വ്യാപാരത്തിന് ബ്രോക്കര്‍ ഫീസ് ഈടാക്കുന്നുമില്ല. കോവിഡ് കാലത്ത് ചെറുകിട നിക്ഷേപകരുടെ എണ്ണം 20 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായി ഉയര്‍ന്നു. റീട്ടെയില്‍ വ്യാപാരത്തിന്റെ 15ശതമാനത്തിലധികം നടക്കുന്നത് സെറോധവഴിയാണ്.