
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചു. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) സൊമാറ്റോ ലിസ്റ്റ് ചെയ്‌തോടെ ദീപീന്ദര്‍ ഗോയലിന്റെ മൂല്യം കുത്തനെ ഉയരുകയായിരുന്നു. ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടിക പ്രകാരം 38കാരനായ ഗോയലിന്റെ നിലവിലെ മൂല്യം 650 മില്യണ്‍ ഡോളറാണ്. അതായത് 48,000 കോടിയിലധികം രൂപ.
സൊമാറ്റോയില്‍ അദ്ദേഹത്തിന് ആകെ 4.7 ശതമാനം ഓഹരിയാണുള്ളത്. കൂടാതെ 36.8 കോടിയിലധികം ഓപ്ഷനുകള്‍ അടുത്ത് ആറ് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം സ്വന്തമാക്കും. ഇതോടെ കമ്പനിയിലെ അദ്ദേഹത്തിന്റെ ഓഹരി ഇരട്ടിയാകും. നിലവില്‍ 13.3 ബില്യണ്‍ ഡോളറാണ് (98,000 കോടി രൂപ) കമ്പനിയുടെ വിപണി മൂല്യം. പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) വിജയകരമായ പൂര്‍ത്തിയായതിന് പിന്നാലെയാണ് സൊമാറ്റോ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. വ്യാപാരത്തിന്റെ ആദ്യ ദിവസം തന്നെ സൊമാറ്റോയുടെ ഓഹരി വില 66 ശതമാനമായി ഉയര്‍ന്നിരുന്നു.
ഏകദേശം 80 ബില്യണ്‍ ഡോളര്‍ (59 ലക്ഷം കോടി രൂപ) വിലമതിക്കുന്ന മുകേഷ് അംബാനിയുടെയും മറ്റ് ഡസന്‍ കണക്കിന് ഇന്ത്യന്‍ വ്യവസായികളുടെയും മൂല്യത്തേക്കാള്‍ വളരെ പിന്നിലാണ് ദീപീന്ദര്‍ ഗോയല്‍ എങ്കിലും ഒരു സ്റ്റാര്‍ട്ട്അപ്പ് എന്ന നിലയില്‍ സൊമാറ്റോയുടെ ഈ നേട്ടം വിലമതിക്കാനാകാത്തതാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ ദാതാക്കളായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ വിജയ് ശേഖര്‍ ശര്‍മ്മ, ഓണ്‍ലൈന്‍ റീട്ടെയിലര്‍ ഫ്‌ലിപ്കാര്‍ട്ടിന്റെ സഹസ്ഥാപകരായ സച്ചിന്‍ ബന്‍സാല്‍, ബിന്നി ബന്‍സാല്‍ എന്നിവരും ദീപീന്ദറിനൊപ്പം 1 ബില്യന്‍ ഡോളര്‍ (74,000 കോടി രൂപ) ക്ലബില്‍ കടന്നവരാണ്.
2008ലാണ് ദീപീന്ദര്‍ ഗോയല്‍ സൊമാറ്റോ ആരംഭിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിയായിരുന്ന സമയത്താണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി എന്ന ആശയം ഗോയലിന്റെ മനസില്‍ ഉദിക്കുന്നത്. അന്ന് ഓര്‍ഡര്‍ ചെയ്ത ഒരു പിസ കയ്യില്‍ കിട്ടിയപ്പോള്‍ തോന്നിയ നിരാശയായിരുന്നു ഇതിന് പിന്നില്‍. ബിരുദം നേടി ബെയ്ന്‍ ആന്റ് കമ്പനിയില്‍ ചേര്‍ന്നതിനുശേഷവും അദ്ദേഹം തന്റെ ആശയം മുറുകെപിടിച്ചു.
അന്ന് കമ്പനിയിലെ തന്റെ സഹപ്രവര്‍ത്തകര്‍ കാന്റീനിലെ ഭക്ഷണത്തെക്കുറിച്ചും പുറത്ത് പോയി കഴിക്കുന്നതിലെ ബുദ്ധിമുട്ടിനെക്കുറിച്ചും സംസാരിക്കുന്നത് അദ്ദേഹം ശ്രദ്ധയോടെ കേട്ടിരുന്നു. ഇതിന് പരിഹാരമെന്നോളം ഗോയാലും സഹപ്രവര്‍ത്തകനായ പങ്കജ് ചദ്ദയും കൂടി അടുത്തുള്ള കഫേകളുടെയും റെസ്റ്റോറന്റുകളുടെയും മെനുകള്‍ കമ്പനി ഇന്‍ട്രാനെറ്റിലേക്ക് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് അപ്ലോഡ് ചെയ്യാന്‍ തുടങ്ങി. ഇത് വിജയകരമായതോടെ ഗോയല്‍ ളീീറശലയമ്യ.രീാ എന്ന പേരില്‍ പുതിയൊരു സംരംഭത്തിന് തുടക്കമിട്ടു.
ഡല്‍ഹി സര്‍വകലാശാലയില്‍ ഭാര്യക്ക് അധ്യാപന ജോലി ലഭിച്ച ശേഷം ഗോയല്‍ തന്റെ ജോലി ഉപേക്ഷിക്കുകയും മുഴുവന്‍ സമയവും സംരംഭത്തിനായി ചെലവഴിക്കുകയും ചെയ്തു. ഇന്‍ഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡിന്റെ സ്ഥാപകനായ സഞ്ജീവ് ബിഖ്ചന്ദാനിയാണ് ഗോയലിന് ഇതിനുവേണ്ട ധനസഹായം നല്‍കിയത്. ഏകേദശം ഒരു മില്യണ്‍ ഡോളറോളം അദ്ദേഹം ഗോയലിന് നല്‍കിയിരുന്നു. ഇതോടെ ഫുഡിബേയുടെ പേര് സൊമാറ്റോ എന്നാക്കി മാറ്റി.
ഇതിന് പിന്നാലെ ആഗോള നിക്ഷേപകരായ സെക്വോയ ക്യാപിറ്റല്‍, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, ജാക്ക് മായുടെ ആന്റ് ഗ്രൂപ്പ് കമ്പനി എന്നിവ കമ്പനിയില്‍ നിക്ഷേപകരായി എത്തി. ഡല്‍ഹിയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊമാറ്റോ ഇന്ന് തുര്‍ക്കി, ബ്രസീല്‍, ന്യൂസിലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ 19 രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്.