
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) പുതിയ മാനദണ്ഡങ്ങളും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ സമ്മര്‍ദങ്ങളും കാരണം സൊമാറ്റോ, എഎന്‍ടി ഫിനാന്‍ഷ്യലില്‍ നിന്ന് സമാഹരിച്ച 100 മില്യണ്‍ ഡോളര്‍ ഓഹരി മൂലധനത്തിലേക്ക് ചേര്‍ക്കുന്ന പദ്ധതികളെ വൈകിപ്പിക്കാന്‍ സാധ്യത. ഇക്കഴിഞ്ഞ ജനുവരിയില്‍, നിലവിലെ നിക്ഷേപകരായ എഎന്‍ടി ഫിനാന്‍ഷ്യലില്‍ നിന്ന് സൊമാറ്റോ 150 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.
ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബയുടെ ഉപസ്ഥാപനത്തില്‍ നിന്നുള്ള നിക്ഷേപം, സ്റ്റാര്‍ട്ടപ്പിന് 3 ബില്യണ്‍ ഡോളറിന്റെ വിലമതിച്ചു. ഈ നിക്ഷേപത്തിന്റെ ആദ്യ വിഹിതമായ 50 മില്യണ്‍ ഡോളര്‍ ജനുവരിയില്‍ തന്നെ സ്റ്റാര്‍ട്ടപ്പിന് ലഭിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ കാരണം ഭക്ഷ്യ വിതരണ സ്ഥാപനങ്ങളായ സൊമാറ്റോ, സ്വിഗ്ഗി എന്നിവയ്ക്ക് കടുത്ത ബിസിനസ്, വരുമാന നഷ്ടങ്ങളാണുണ്ടായത്.
ഫെബ്രുവരിയില്‍ നാസ്പേഴ്സില്‍ നിന്ന് 113 മില്യണ്‍ ഡോളര്‍ സമാഹരിച്ച എതിരാളിയായ സ്വിഗ്ഗിക്കെതിരെ വിപണി ആധിപത്യത്തിനായി പോരാടുന്നതിന് സൊമാറ്റോ മൂലധനം ശേഖരിക്കുകയായിരുന്നു. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുഡ് ടെക് കമ്പനിയായ സൊമാറ്റോയില്‍ 560 മില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട് എഎന്‍ടി ഫിനാന്‍ഷ്യന്‍, കൂടാതെ, കമ്പനിയില്‍ 25 ശതമാനം ഓഹരിയും എഎന്‍ടി ഫിനാന്‍ഷ്യലിനുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ സമ്മര്‍ദവും ഇന്ത്യയുടെ പുതിയ എഫ്ഡിഐ മാനദണ്ഡങ്ങളും എഎന്‍ടി ഫിനാന്‍ഷ്യലില്‍ നിന്ന് സ്വീകരിച്ച 100 മില്യണ്‍ ഡോളര്‍ ആക്സസ് ചെയ്യുന്നതില്‍ സൊമാറ്റോയെ ബുദ്ധിമുട്ടിലാക്കി.
ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എഫ്ഡിഐ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇതുപ്രകാരം, ചൈനയുള്‍പ്പടെ ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന് മുന്‍കൂര്‍ അനുമതി നേടേണ്ടത് അത്യാവശ്യമാക്കി. 'അവസരവാദപരമായ' ഏറ്റെടുക്കല്‍ തടയുന്നതിനും പ്രാദേശിക ബിസിനസുകള്‍ സംരക്ഷിക്കുന്നതിനുമായിരുന്നു ഈ നടപടി. ചൈനീസ് നിക്ഷേപകരില്‍ നിന്നും ഇന്റര്‍നെറ്റ് ഭീമന്മാരില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ സ്വരൂപിച്ച ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ഈ അറിയിപ്പ് അമ്പരപ്പിച്ചു.
ആലിബാബ, മീറ്റുവാന്‍, ടെന്‍സെന്റ്, എഎന്‍ടി ഫിനാന്‍ഷ്യല്‍ എന്നിവയുള്‍പ്പടെയുള്ളവരില്‍ നിന്ന് ഓല, സ്വിഗ്ഗി, പേടിഎം, ഉഡാന്‍, പോളിസിബസാര്‍, ഓയോ ഹോട്ടല്‍സ്, ഹോംസ് തുടങ്ങി ഇന്ത്യയിലെ 25 -ല്‍ 18 യൂണികോണുകളും നിക്ഷേപം സ്വീകരിച്ചിരിക്കുന്നു. എഫ്ഡിഐ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയ നടപടി, നിലവില്‍ കൊവിഡ് 19 ആഘാതങ്ങളില്‍ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇരട്ടത്താപ്പാണ് നല്‍കിയിരിക്കുന്നത്.