അറ്റ നഷ്ടത്തില്‍ 87 ശതമാനം വര്‍ധനയുമായി സൊമാറ്റോ; നഷ്ടം 430 കോടി രൂപയായി

November 11, 2021 |
|
News

                  അറ്റ നഷ്ടത്തില്‍ 87 ശതമാനം വര്‍ധനയുമായി സൊമാറ്റോ;   നഷ്ടം 430 കോടി രൂപയായി

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം സൊമാറ്റോ നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. 2021 ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ സൊമാറ്റോയുടെ അറ്റ നഷ്ടത്തില്‍ 87 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 230 കോടിയായിരുന്ന നഷ്ടം 430 കോടിയായി ഈ വര്‍ഷം ഉയര്‍ന്നു. ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 356 കോടിയായിരുന്നു നഷ്ടം. ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനം വര്‍ധനവാണ് അറ്റ നഷ്ടത്തില്‍ ഉണ്ടായത്.

അതേ സമയം സൊമാറ്റോയുടെ ഏകീകൃത വരുമാനം 1024 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷം 426 കോടിയായിരുന്നു ഏകീകൃത വരുമാനം. 140 ശതമാനത്തിന്റെ വര്‍ധനവാണ് വരുമാനത്തില്‍ ഉണ്ടായത്. സൊമാറ്റോ പ്ലാറ്റ്ഫോമിലെ ഉപഭോക്താക്കളുടെ ട്രാഫിക്കിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 59 ദശലക്ഷമാണ് ശരാശരി പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം. ബ്രാന്‍ഡിംഗ്, വിപണനം, വര്‍ധിച്ചുവരുന്ന നിക്ഷേപങ്ങള്‍, ഡെലിവറി ചെലവുകള്‍ ഉയര്‍ന്നത് തുടങ്ങിയവയാണ് അറ്റ നഷ്ടം ഉയര്‍ന്നതിന് സൊമാറ്റോ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍.

ക്യുവര്‍ ഫിറ്റില്‍ നിക്ഷേപം നടത്തുന്നതിന് പിന്നാലെ ബിഗ്ഫൂട്ട് റീട്ടെയില്‍ സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, സമസ്ത് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് സൊമാറ്റോ. 2021 ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ 5410 കോടിയുടേതായിരുന്നു രാജ്യത്തെ ഓണ്‍ലൈന്‍ ഫൂഡ് ഡെലിവറി വിപണി. 158 ശതമാനത്തിലധികം വളര്‍ച്ചയാണ് ഉണ്ടായത്.

Related Articles

© 2024 Financial Views. All Rights Reserved