
ഡല്‍ഹി: 541 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെയാണ് വരുന്ന അഞ്ച് വര്‍ഷത്തിനകം പത്തിരട്ടി വളര്‍ച്ച നേടാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് കമ്പനി സിഇഒ ദീപീന്ദര്‍ ഗോയല്‍ വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ ശൃംഖല ഒട്ടേറെ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചതിന് പിന്നാലെ കമ്പനിയ്ക്ക് നഷ്ടം നേരിടേണ്ടി വന്നിരുന്നു. ഗുരുഗ്രാമിലെ 540 ജീവനക്കാരെയാണ് കമ്പനി ശനിയാഴ്ച്ച പിരിച്ച് വിട്ടത്. എന്നിരുന്നിട്ടും കമ്പനി വൈകാതെ തന്നെ ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സിഇഒ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
2008ല്‍ റസ്റ്റോറന്റ് മെനു ഓണ്‍ലൈനായി ഇട്ട് സേവനം ആരംഭിച്ച സൊമാറ്റോ 24 രാജ്യങ്ങളിലായി 10,000 നഗരങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ 500 നഗരങ്ങളിലുള്ള 25 മില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് സൊമാറ്റോ സേവനം നല്‍കുന്നത്. 3.6 ബില്യണ്‍ മുതല്‍ 4.5 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് കമ്പനിയ്ക്ക് ഇപ്പോള്‍ നടക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. രണ്ടര ലക്ഷത്തിലധികം റസ്റ്റോറന്റുകളില്‍ നിന്നും നൂറുകണക്കിന് ഡാര്‍ക്ക് കിച്ചണുകളില്‍ നിന്നും തങ്ങള്‍ ഓര്‍ഡര്‍ എടുക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
തൊഴിലാളികള്‍ക്ക് പകരം നിര്‍മ്മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്-എഐ) ഉപയോഗിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് തൊഴിലാളികളെ പിരിച്ചു വിടുന്നതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. വേദനാജനകമായ തീരുമാനമിതാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇതോടെ സൊമാറ്റോയിലെ 10 ശതമാനം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും. ഉപഭോക്തൃ സേവനങ്ങള്‍ക്കായി നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിടുക.
നിര്‍മിത ബുദ്ധി ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമതയോടെ കസ്റ്റമര്‍ കെയര്‍ സംവിധാനം മുന്നോട്ടുകൊണ്ടുപോകാമെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി എഐ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. ഇതോടെ സേവനത്തില്‍ വേഗത കൈവരിക്കാനായെന്ന് കമ്പനി അവകാശപ്പെട്ടു.