
ദില്ലി: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്രതിമാസം ചെലവ് വെട്ടിക്കുറച്ചു. 44% വെട്ടിക്കുറച്ച് 143 കോടി രൂപയാക്കിയിട്ടുണ്ട് കമ്പനി. മുമ്പ് 322 കോടി രൂപയായിരുന്നു സൊമാറ്റോയുടെ പ്രതിമാസ ചെലവ്. അഞ്ഞൂറിലധികം നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ തന്നെയാണ് കമ്പനി ചെലവ് വെട്ടിച്ചുരുക്കി മാതൃകയായത്. സെപ്തംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് കമ്പനി.
ഉപഭോക്താക്കള്‍ക്കുള്ള ഡിസ്‌കൗണ്ടുകള്‍ പരിമിതപ്പെടുത്തിയും ചെലവുകള്‍ വെട്ടിക്കുറച്ചുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് സൊമാറ്റോയിലെ പ്രധാന നിക്ഷേപകന്‍ ഇന്‍ഫോ എഡ്ജിന്റെ സഹസ്ഥാപകന്‍ സഞ്ജീവ് ബിഖ്ചന്ദാനി അറിയിച്ചു. സൊമാറ്റോയുടെ പ്രധാന എതിരാളി സ്വിഗ്ഗി വിപണി വിഹിതം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ട് 300-350 കോടി രൂപ പ്രതിമാസം ചെലവിടുന്ന സാഹചര്യത്തിലാണ് സൊമാറ്റോയുടെ ഈ തീരുമാനം. എന്നാല്‍ തങ്ങളുടെ വിപണി വിഹിതത്തിന്റെ കാര്യത്തില്‍ ആശങ്കകളില്ലെന്ന് സൊമാറ്റോ പറഞ്ഞു.