
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡിന് പിന്നാലെ ഒഡിഷയിലും മദ്യം വീട്ടുപടിക്കലെത്തിക്കാന്‍ ഒരുങ്ങി സൊമാറ്റോയും സ്വിഗ്ഗിയും . സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്നാണ് തുടക്കം. അധികം വൈകാതെ റൂര്‍ക്കേല, ബാലസോര്‍, ബാലങ്കീര്‍, സമ്പല്‍പൂര്‍, ബെര്‍ഹാംപുര്‍, കട്ടക് എന്നിവിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.
ഇതിന്റെ ഭാഗമായി സംസ്ഥാന എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് ഇതേക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുകയാണ് സൊമാറ്റോ. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിക്കൊണ്ടായിരിക്കും സേവനം ലഭ്യമാക്കുക. മദ്യം വാങ്ങുന്നയാളിന്റെ വിവരങ്ങളും വാങ്ങുന്ന മദ്യത്തിന്റെ അളവും രേഖപ്പെടുത്തും. ഉത്തരവാദിത്തത്തോടെയുള്ള മദ്യ ഉപഭോഗവും വില്‍പ്പനയുമാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.
ഒഡിഷ സര്‍ക്കാരിന്റെ തീരുമാനത്തിന് സൊമാറ്റോ വൈസ് പ്രസിഡന്റ് രാകേഷ് രഞ്ജന്‍ നന്ദി അറിയിച്ചു. ഈ മേഖലയിലെ പങ്കാളിത്തം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യം വാങ്ങുന്നവര്‍ ഇതിനായി ഒരു തിരിച്ചറിയല്‍ രേഖ ആപ്പില്‍ അപ്ലോഡ് ചെയ്യണം. ഇത് പിന്നീട് പരിശോധിക്കും. അതിന് ശേഷമേ മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ അനുവാദം ലഭിക്കും. ഉല്‍പ്പന്നത്തിന്റെ കാറ്റഗറികളും നിയന്ത്രിച്ചിട്ടുണ്ട്.
സൊമാറ്റോ ആപ്പില്‍ സൊമാറ്റോ വൈന്‍ ഷോപ്പ് എന്ന പേരില്‍ സേവനം ലഭിക്കും. സംസ്ഥാനത്ത് അനുമതിയുള്ള മദ്യവിതരണക്കാരില്‍ നിന്ന് ആപ്പ് വഴി മദ്യം വാങ്ങാം. ഇതിന് മുന്‍പ് മെയ് 21 മുതല്‍ റാഞ്ചിയിലും സമാനമായ രീതിയില്‍ മദ്യ വിതരണം സൊമാറ്റോ ആരംഭിച്ചിരുന്നു.