
ബാംഗ്ലൂര്‍: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ പലചരക്ക് ഡെലിവറി സേവനത്തിലേക്ക് പ്രവേശിക്കുന്നു. കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുകയും ചെയുന്ന സാഹചര്യത്തിലാണ് സോമാറ്റോയുടെ പുതിയ തീരുമാനം. അടുത്ത ആഴ്ചയോടെ സോമാറ്റോ പലചരക്ക് വിതരണ സേവനമായ സൊമാറ്റോ മാര്‍ക്കറ്റ് ആരംഭിക്കാന്‍ ഒരുങ്ങുന്നു എന്നാണ് വിവരം.
അവശ്യ പലചരക്ക് ഉല്‍പന്നങ്ങള്‍ പ്ലാറ്റ്ഫോമില്‍ വില്‍ക്കുന്നതിനുള്ള പങ്കാളിത്തത്തിനായി ഗുരുഗ്രാം ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ പലചരക്ക് വ്യാപാരികളായ ഗ്രോഫേഴ്സ്, ബിഗ് ബാസ്‌കറ്റ് എന്നിവരുമായി സംസാരിക്കുന്നുണ്ടെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി സേവനം ഡല്‍ഹിയില്‍ ആരംഭിക്കുമെന്നും ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സൊമാറ്റോ, ഗ്രോഫേഴ്‌സ്, ബിസ്ബാസ്‌ക്കറ്റ് എന്നിവ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പലചരക്ക് വിഭാഗത്തിലേക്കുള്ള സോമാറ്റോയുടെ കടന്നുവരവ്, ഓണ്‍ലൈന്‍ പലചരക്ക് വ്യാപാരികള്‍ ഓര്‍ഡറുകളില്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുന്ന സമയത്താണ്. കൊറോണ വൈറസ് ഇന്ത്യയിലാകെ പടരുന്ന സാഹചര്യത്തില്‍ കടകളെല്ലാം അടഞ്ഞു കിടക്കുന്ന സ്ഥിതിയുമുണ്ട്. അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ ലഭ്യതക്കുറവും ഉണ്ട്. എല്ലാത്തിലുമുപരി, ധാരാളം ആളുകള്‍ വീട്ടില്‍ ഏകാന്തവാസം നയിക്കുകയും ചെയുന്ന ഈ സമയത്ത് സൊമാറ്റോയുടെ ഈ വരവ് സ്വാഗതാര്‍ഹമാണ്.
ഗ്രോഫേഴ്‌സ്, ബിസ്ബാസ്‌ക്കറ്റ് എന്നിവര്‍ അവരുടെ ഓര്‍ഡറുകളില്‍ 80 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വേവിച്ച ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ആളുകള്‍ക്ക് അല്‍പ്പം ആശങ്കയുണ്ട്. ഇത് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍ ഏകദേശം 20 ശതമാനം കുറയാന്‍ കാരണമായി. ദീപീന്ദര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള സൊമാറ്റോ പലചരക്ക് വിഭാഗത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പ്രത്യേകിച്ചും അവരുടെ എതിരാളിയായ സ്വിഗ്ഗി കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ തന്നെ പലചരക്ക് വിതരണം ആരംഭിക്കുകയും വൈവിധ്യമാര്‍ന്ന ഡെലിവറി സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തതിന് ശേഷം.
ചെറുകിട, ഇടത്തരം വലുപ്പമുള്ള കിരാനയെയും സൂപ്പര്‍മാര്‍ക്കറ്റുകളെയും പഴങ്ങള്‍, പച്ചക്കറികള്‍, മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റുചെയ്യാന്‍ അനുവദിക്കുന്ന സ്വിഗ്ഗി സ്റ്റോര്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ചിരുന്നു. സ്വിഗ്ഗിക്ക് ഈ വിഭാഗത്തില്‍ ആദ്യകാല നേട്ടമുണ്ടാകുമെങ്കിലും, സമീപകാലത്ത് ഭക്ഷ്യ ബിസിനസ്സ് വ്യാപകമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സൊമാറ്റോ, ഈ വിഭാഗത്തിലും തനിക്കായി ഇടം സൃഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും. അത് ഒരു വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയും.
കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ റെഡ്‌സീര്‍ മാനേജ്മെന്റ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഓണ്‍ലൈന്‍ പലചരക്ക് 2022 ല്‍ 8.7 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-കോം, ഫുഡ് ഡെലിവറി സ്ഥാപനങ്ങളുടെ അടുത്ത വലിയ മത്സരവിഭാഗമായി പലചരക്ക് കണക്കാക്കപ്പെടുന്നു. ഫുഡ് ഡെലിവറി മേജര്‍മാര്‍ക്ക് പുറമേ, ഇ-കോം ഭീമന്മാരായ ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയും പലചരക്ക് വ്യാപാരങ്ങളില്‍ വലിയ മത്സരം സൃഷ്ടിക്കുന്നുണ്ട്.