
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ നഷ്ടക്കയത്തില്‍. 2020 സാമ്പത്തിക വര്‍ഷം 2,451 കോടി രൂപയുടെ നഷ്ടം കമ്പനിക്ക് സംഭവിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം 940 രൂപയായിരുന്നു സൊമാറ്റോ കുറിച്ച നഷ്ടം. ഇതേസമയം, 2020 സാമ്പത്തിക വര്‍ഷത്തെ വരുമാനം പരിശോധിക്കുമ്പോള്‍ 84 ശതമാനം വര്‍ധനവുണ്ടായതായി കാണാം. 2,486 കോടി രൂപയാണ് സൊമാറ്റോ ഇക്കാലയളവില്‍ നേടിയത്. എന്നാല്‍ എതിരാളിയായ യൂബര്‍ ഈറ്റ്സിനെ വാങ്ങിയ നടപടി സൊമാറ്റോയെ നഷ്ടത്തിലേക്ക് പിടിച്ചുത്തള്ളി.
കഴിഞ്ഞ ജനുവരിയില്‍ 2,485 കോടി രൂപയ്ക്കാണ് യൂബര്‍ ഈറ്റ്സിനെ സൊമാറ്റോ വാങ്ങിയത്. നിലവില്‍ പരസ്യങ്ങളുടെ വില്‍പ്പന, ഓണ്‍ലൈന്‍ ഓര്‍ഡര്‍, സൊമാറ്റ ഗോള്‍ഡ് എന്നിവയാണ് കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സുകള്‍. ഇതേസമയം, ലോക്ക്ഡൗണ്‍ കാലം സൊമാറ്റോയ്ക്ക് വന്‍തിരിച്ചടി നല്‍കി. മാര്‍ച്ചില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. കമ്പനിയുടെ 'ഡൈന്‍ ഔട്ട്' സൗകര്യം ഉപയോഗപ്പെടുത്തിയവരും വിരളമായിരുന്നു. എന്തായാലും കാര്യങ്ങള്‍ പതിയെ താളം കൈവരിക്കുകയാണ്.
അടുത്തിടെ 660 ദശലക്ഷം ഡോളര്‍ പുതിയ മൂലധന നിക്ഷേപം ഉയര്‍ത്താന്‍ സൊമാറ്റോയ്ക്ക് സാധിച്ചിരുന്നു. പത്ത് പുതിയ നിക്ഷേപകരാണ് ഏറ്റവുമൊടുവിലത്തെ ധനസമാഹരണ റൗണ്ടില്‍ സൊമാറ്റോയിലേക്ക് കടന്നുവന്നത്. ടൈഗര്‍ ഗ്ലോബല്‍, കോറ, ലക്സോര്‍, ഫിഡലിറ്റി (എഫ്എംആര്‍), ഡിവണ്‍ ക്യാപിറ്റല്‍, ബെയ്ലി ഗിഫോര്‍ഡ്, മിറെയ്, സ്റ്റെഡ്വ്യൂ എന്നീ കമ്പനികള്‍ക്ക് സൊമോറ്റോയില്‍ ഇപ്പോള്‍ നിക്ഷേപമുണ്ട്. വൈകാതെ ഓഹരി വിപണിയില്‍ കമ്പനി പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കിറങ്ങും. അടുത്തവര്‍ഷം രണ്ടാം പാദം ഈ നീക്കം പ്രതീക്ഷിക്കാം. ഇതേസമയം, ഇന്ത്യയിലാണോ അതോ അമേരിക്കയിലാണോ കമ്പനി പേരു ചേര്‍ക്കുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇന്ത്യന്‍ സൂചികയിലാണ് കമ്പനി കടന്നുവരുന്നതെങ്കില്‍ ഇന്ത്യാ മാര്‍ട്ടിന് ശേഷമുള്ള ആദ്യ ഇന്റര്‍നെറ്റ് ഐപിഓ ആയിരിക്കും സൊമാറ്റോയുടേത്. 2019 -ലാണ് ബിസിനസ്-ടു-ബിസിനസ് കേന്ദ്രീകരിക്കുന്ന ഇന്ത്യാ മാര്‍ട്ട് ഇന്റര്‍മെഷ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്റര്‍നെറ്റ് ഐപിഓ കുറിച്ചത്. ഇതിന് മുന്‍പ് പ്രാദേശിക സെര്‍ച്ച് എഞ്ചിനായ ജസ്റ്റ് ഡയലും (2013) ഇന്‍ഫോ എഡ്ജും (2006) ഇന്ത്യന്‍ സൂചികയില്‍ ഇന്റര്‍നെറ്റ് ഐപിഓ വഴി കടന്നുവന്നിട്ടുണ്ട്. ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ മേക്ക് മൈ ട്രിപ്പ് 2010 -ല്‍ അമേരിക്കന്‍ ഓഹരി വിപണിയിലാണ് പേരുചേര്‍ത്തത്.