100 മില്യണ്‍ ഡോളറിന്റെ ഫണ്ടുമായി സൂം ആപ്പ്; ലക്ഷ്യം ബിസിനസ് വളര്‍ച്ച

April 21, 2021 |
|
News

                  100 മില്യണ്‍ ഡോളറിന്റെ ഫണ്ടുമായി സൂം ആപ്പ്; ലക്ഷ്യം ബിസിനസ് വളര്‍ച്ച

കാലിഫോര്‍ണിയ: പുതുതായി 100 മില്യണ്‍ യുഎസ് ഡോളറിന്റെ 'സൂം ആപ്പ്സ് ഫണ്ട്' സൃഷ്ടിക്കുന്നതായി സൂം വീഡിയോ കമ്യൂണിക്കേഷന്‍സ് പ്രഖ്യാപിച്ചു. സൂം ഡെവലപ്പര്‍ പങ്കാളികളില്‍ നിക്ഷേപം നടത്തുന്നതിനാണ് വെഞ്ച്വര്‍ ഫണ്ട് പ്രഖ്യാപിച്ചത്. സൂം ആപ്പുകള്‍, അവയുടെ ഏകീകരണം, ഡെവലപ്പര്‍ പ്ലാറ്റ്ഫോം, ഹാര്‍ഡ്വെയര്‍ എന്നിവ ഉള്‍പ്പെടുന്ന സൂമിന്റെ പൊതുസംവിധാനത്തിന്റെ വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനാണ് പുതിയ ഫണ്ട് സൃഷ്ടിച്ചതെന്ന് കമ്പനി വ്യക്തമാക്കി. പോര്‍ട്ട്ഫോളിയോ കമ്പനികളില്‍ നിക്ഷേപം നടത്താനാണ് പുതിയ ഫണ്ടിലൂടെ സൂം ഉദ്ദേശിക്കുന്നത്.   

സൂം പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ കണ്ടുമുട്ടുന്നതും സഹകരിക്കുന്നതും ആശയവിനിമയം നടത്തുന്നതുമായ രീതികളില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികള്‍ക്കായിരിക്കും ഫണ്ട് ലഭിക്കുന്നത്. തുടക്കത്തില്‍ 2.5 ലക്ഷം ഡോളര്‍ മുതല്‍ 25 ലക്ഷം ഡോളര്‍ വരെയുള്ള നിക്ഷേപങ്ങളായിരിക്കും പോര്‍ട്ട്ഫോളിയോ കമ്പനികളില്‍ നടത്തുന്നത്. സൂം ആപ്പുകളുടെ ഏകീകരണത്തിനായി നിലവില്‍ ഡസന്‍കണക്കിന് കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്.

വിജയസാധ്യതയുള്ളതും തുടക്കത്തില്‍തന്നെ ഡിമാന്‍ഡ് ലഭിക്കുന്നതുമായ ഉല്‍പ്പന്നങ്ങളുമായി വരുന്ന ഡെവലപ്പര്‍ പങ്കാളികളില്‍ ആയിരിക്കും സൂം ആപ്പ്സ് ഫണ്ടില്‍നിന്ന് നിക്ഷേപം നടത്തുന്നത്. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ്, 2011 ലാണ് താന്‍ സൂം സ്ഥാപിച്ചതെന്നും തുടക്കത്തില്‍ നിക്ഷേപകരുടെ പിന്തുണ ലഭിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് കാണുന്ന രൂപത്തില്‍ സൂം വളര്‍ച്ച പ്രാപിക്കില്ലായിരുന്നുവെന്നും സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എറിക് എസ് യുവാന്‍ പറഞ്ഞു. ഇത്തരം പരിഹാരങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന കൂടുതല്‍ പോര്‍ട്ട്ഫോളിയോ കമ്പനികളില്‍നിന്ന് സൂം വീണ്ടും അപേക്ഷ ക്ഷണിച്ചു.

Read more topics: # സൂം ആപ്, # zoom app,

Related Articles

© 2025 Financial Views. All Rights Reserved