ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറെടുത്ത് സെഡ്ടിഇ കോര്‍പ്പറേഷന്‍

March 05, 2021 |
|
News

                  ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറെടുത്ത് സെഡ്ടിഇ കോര്‍പ്പറേഷന്‍

ഷെഞ്ജെന്‍: ടെലികമ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കളായ സെഡ്ടിഇ കോര്‍പ്പറേഷന്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറെടുക്കുന്നു. ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ആലോചിക്കുന്നതായി കമ്പനി വക്താവ് പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇലക്ട്രിക് വാഹന വിപണിയില്‍ പ്രവേശിക്കുന്ന ചൈനീസ് ടെക്നോളജി കമ്പനികളില്‍ ഏറ്റവും പുതിയതാണ് സെഡ്ടിഇ. പങ്കാളികളായ വാഹന കമ്പനികള്‍ക്ക് പാര്‍ട്ടുകള്‍ വിതരണം ചെയ്യുകയാണോ അതോ സ്വന്തം ബ്രാന്‍ഡില്‍ വാഹനങ്ങള്‍ നിര്‍മിക്കുമെന്നോ ഷെഞ്ജെന്‍ ആസ്ഥാനമായ കമ്പനി വ്യക്തമാക്കിയില്ല.

ഈയിടെയായി ഇലക്ട്രിക് വാഹന (ഇവി) വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചൈനീസ് ടെക്നോളജി കമ്പനികള്‍. സെഡ്ടിഇയുടെ എതിരാളിയായ വാവെയ് ടെക്നോളജീസ് സ്വന്തം ബ്രാന്‍ഡില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുമെന്ന റിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നിരുന്നു. ചില മോഡലുകള്‍ ഈ വര്‍ഷം തന്നെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇലക്ട്രിക് വാഹന പദ്ധതിയുണ്ടെന്ന വാര്‍ത്ത വാവെയ് വക്താവ് നിഷേധിച്ചിരുന്നു. വാഹന നിര്‍മാതാക്കളായ പങ്കാളികള്‍ക്ക് സാങ്കേതികവിദ്യകള്‍ കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.

ബൈഡു ഉള്‍പ്പെടെയുള്ള ഏഷ്യന്‍ ടെക്നോളജി കമ്പനികള്‍ സ്വന്തം കാറുകള്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് എന്‍ജിനീയറിംഗ് സംഘത്തെ നിയോഗിക്കുകയാണ് ഷെഞ്ജെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ നിര്‍മാതാക്കളായ ഡിജെഐ.   

ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണിയില്‍ വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹരിത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. 2025 ഓടെ ചൈനയിലെ പ്രതിവര്‍ഷ വാഹന വില്‍പ്പനയുടെ 20 ശതമാനം വരെ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂ എനര്‍ജി വാഹനങ്ങളായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ചൈനയില്‍ 1.8 മില്യണ്‍ ന്യൂ എനര്‍ജി വാഹനങ്ങള്‍ (എന്‍ഇവി) വില്‍ക്കുമെന്നാണ് അനുമാനം. 2020 ല്‍ ഏകദേശം 1.3 മില്യണ്‍ എന്‍ഇവികളാണ് വിറ്റുപോയത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved