
കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൈഡസ് കാഡിലയുടെ സൈകോവ്-ഡി കോവിഡ് വാക്സിന്റെ വില കുറയ്ക്കാന്‍ തീരുമാനം. ഡോസിന് 265 രൂപയ്ക്ക് വാക്സിന്‍ വിതരണം ചെയ്യും. വാക്സിന്റെ വില സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഒരു ഡോസിന് 1,900 രൂപയാണ് നേരത്തെ വാക്സിന് കമ്പനി വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിരക്ക് കുറയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഡിഎന്‍എ അടിസ്ഥാനമാക്കിയുളള ആദ്യ വാക്സിനാണ് സൈകോവ്-ഡി. സിറിഞ്ചും സൂചിയും ഉപയോഗിക്കാതെ ജെറ്റ് ആപ്ലിക്കേറ്റര്‍ ഉപയോഗിച്ചാണ് ഈ വാക്സിന്‍ നല്‍കുന്നത്.
വാക്സിന്റെ വില കൂടാതെ ജെറ്റ് ആപ്ലിക്കേറ്ററിനുള്ള 93 രൂപ ഉള്‍പ്പടെ 358 രൂപയാകും ഒരു ഡോസ് സൈകോവ്-ഡി വാക്സിന്. ഇരു കൈയ്യിലുമായി ആണ് ഒരു ഡോസ് വാക്സിന്‍ എടുക്കുന്നത്. 28 ദിവസം ഇടവേളകളില്‍ മൂന്ന് ഡോസുകളാണ് സൈകോവ്-ഡിക്ക് ഉള്ളത്. 12 മുതല്‍ 18 വയസുവരെയുള്ള കുട്ടികളില്‍ ഉപയോഗത്തിന് അനുമതി ലഭിച്ച രാജ്യത്തെ ആദ്യ വാക്സിനാണ് സൈകോവ്-ഡി.