
മുംബൈ: 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 100 ശതമാനം വാഹനങ്ങളും ഇലക്ട്രിക്ക് ആക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. 2030തോടെ നിരത്തില്‍ നിന്നും പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ മാറ്റുവാനും 2023ന് ശേഷം ഇറങ്ങുന്ന മുചക്ര വാഹനങ്ങളും 2025ന് ശേഷം ഇറങ്ങുന്ന 150 സിസി വാഹനങ്ങളും ഇലക്ട്രിക്ക് ആക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഇതോടുകൂടി രാജ്യത്തെ വാഹന സംബന്ധമായ മലിനീകരണം നിര്‍മ്മാര്‍ജ്ജനം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഊര്‍ജ്ജ-വിഭവ ഗവേഷണ സ്ഥപനമായ ടെറി വ്യക്തമാക്കി. എന്നാല്‍ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്കുള്ള വിമുഖതയാണ് ഇത്രയും സമയമെടുക്കാന്‍ കാരണമാകുന്നതെന്ന് ടെറി ചീഫ് അജയ് മാത്തൂര്‍ പറയുന്നു.
രാജ്യത്തെ ഇലക്ട്രിക്ക് വാഹന വിപണി ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തില്‍ പോലും ഇലക്ട്രിക്ക് വാഹനം എന്ന സങ്കല്‍പ്പത്തോട് ആളുകള്‍ പെട്ടന്ന് യോജിച്ചു കഴിഞ്ഞു. ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന കാറുകള്‍ ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ സുലഭമായിട്ടും ഇന്ത്യ പോലൊരു രാജ്യത്തിന് ഇത്തരം മാറ്റങ്ങളിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല.
പൊതു ഗതാഗത സംവിധാനമായ ബസുകളും ടാക്‌സികളും ഇലക്ട്രിക്കിലേക്ക് മാറ്റുന്നത് വഴി ഇത് പ്രചരിപ്പിച്ചാല്‍ പൊതു സമൂഹത്തില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുമെന്നും ടെറി ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ രാജ്യത്ത് ഇലക്ട്രിക്ക് ബസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്ന നഗരങ്ങളേയും കമ്പനി ചൂണ്ടിക്കാട്ടുന്നു.