ഉയര്‍ന്ന മൂല്യമുള്ള 2000 നോട്ടുകളുടെ വ്യാജന്‍മാര്‍ ഇറങ്ങുന്നത് അതിവേഗം; കള്ളനോട്ട് വീണ്ടും വ്യാപിച്ചതോടെ 2000 നോട്ടിന്റെ അച്ചടി ആര്‍ബിഐ നിര്‍ത്തിയെന്ന് സൂചന

October 18, 2019 |
|
Banking

                  ഉയര്‍ന്ന മൂല്യമുള്ള 2000 നോട്ടുകളുടെ വ്യാജന്‍മാര്‍ ഇറങ്ങുന്നത് അതിവേഗം; കള്ളനോട്ട് വീണ്ടും വ്യാപിച്ചതോടെ 2000 നോട്ടിന്റെ അച്ചടി ആര്‍ബിഐ നിര്‍ത്തിയെന്ന് സൂചന

മുംബൈ: 2000 രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.) നിര്‍ത്തിവെച്ചത് കള്ളനോട്ട് വ്യാപകമായതിനെത്തുടര്‍ന്ന് . ഈ സാമ്പത്തികവര്‍ഷം ഇതുവരെ 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ല. ഇതോടെ നോട്ട് നിരോധനം ഫലം കണ്ടില്ലെന്ന സൂചന കൂടി പുറത്തു വരികയാണ്. മികച്ച രീതിയില്‍ അച്ചടിച്ച 2000 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമാണെന്നും ഇത് തിരിച്ചറിയുക വെല്ലുവിളിയാണെന്നും ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) വ്യക്തമാക്കിയിരുന്നു. അതായത് ഒര്‍ജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകള്‍ അതിവേഗമെത്തി. ഇതു കൊണ്ടാണ് 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തുന്നത്.

2000 രൂപ നോട്ടില്‍ ഏറെ പ്രതീക്ഷകള്‍ കേന്ദ്ര സര്‍ക്കാര്‍ വച്ചിരുന്നു. ഒരിക്കലും ഡ്യൂപ്ലിക്കേറ്റ് ഇറക്കില്ലെന്നായിരുന്നു പ്രതീക്ഷ. പറഞ്ഞുപറഞ്ഞ് നോട്ടില്‍ ജിപിഎസ് ഉണ്ടെന്നുവരെയായി. നികുതി അടയ്ക്കാത്തവരെ ഉപഗ്രഹം ഉപയോഗിച്ച് കണ്ടെത്താം എന്നും ഇവര്‍ പറഞ്ഞുപരത്തി. ലോകത്ത് ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത നൂതന സാങ്കേതിക വിദ്യകള്‍ വരെ നോട്ടിലുണ്ടെന്ന് പറഞ്ഞു. വലിയ തോതിലുള്ള കള്ളപ്രചരണമാണ് നടന്നത്. ഇവരുടെ പ്രചാരണത്തില്‍ നിഷ്പക്ഷ മാധ്യമങ്ങളും ഇടതുപക്ഷ, വലതുപക്ഷ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ടുകള്‍ നല്‍കി. ശേഷം നോട്ടുനിരോധനം പാളിയതിനുശേഷം ആര്‍ബിഐയും പറഞ്ഞു, ജിപിഎസുമില്ല ചിപ്പുമില്ല എന്ന്. ഇത്തരമൊരു നോട്ടാണ് ഇപ്പോള്‍ ആര്‍ബിഐ പുലിവാലാകുമെന്ന് കണ്ട് അച്ചടി നിര്‍ത്തുന്നത്.

2000 രൂപയുടെ നോട്ടുകളില്‍ അത്യാധുനിക നാനോ ടെക്‌നോളജി ഉപയോഗിച്ചു നിര്‍മ്മിച്ച 'നാനോ ജിപിഎസ് ചിപ്പ് ' അഥവാ എന്‍ജിസി ഘടിപ്പിച്ചിരിക്കുന്നു. വളരെ നേര്‍ത്ത ഐറ്റം ആയതിനാല്‍ ഒറ്റ നോട്ടത്തില്‍ കണ്ടു പിടിക്കുക അസാധ്യമെന്നായിരുന്നു പ്രചരണം. മറ്റു സാധാര ജിപിഎസ് ട്രാക്കിങ് സംവിധാനങ്ങള്‍ പോലെ അല്ല ഈ ചിപ്പുകള്‍. ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ വൈദ്യുതി ആവശ്യമില്ല. കാരണം ഇവ ഒരു സിഗ്‌നലും പുറത്തേക്കു ബഹിര്‍ഗമിക്കുന്നില്ല. എന്നാല്‍, ഒരു കണ്ണാടി പോലെ, വെളിച്ചം തിരിച്ചു പ്രതിഫലിപ്പിക്കുന്ന പ്രവൃത്തി ചെയ്യുന്നു എന്ന് മാത്രം. അതായത്, ഒരു ട്രാക്കിങ് സംവിധാനം ഉള്ള ഉപഗ്രഹം അല്ലെങ്കില്‍ ഉപകരണം ഉണ്ടെങ്കില്‍, ഉപഗ്രഹത്തില്‍ നിന്നും ഉള്ള സിഗ്‌നല്‍ ഇതില്‍ തട്ടി പ്രതിഫലിപ്പിക്കുമ്പോള്‍, കൂടെ നോട്ടിന്റെ സീരിയല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ കൂടി അറിയാന്‍ സാധിക്കും, കൂടെ കിറുകൃത്യം ആയുള്ള സ്ഥലവും. നോട്ടിനു കേടുപാട് വരുത്താതെ ഈ ചിപ്പുകള്‍ പുറത്തെടുക്കുവാന്‍ സാധിക്കുകയില്ല.

ഏകദേശം 120 മീറ്റര്‍ വഴെ ആഴത്തില്‍ ഉപഗ്രഹങ്ങള്‍ക്ക് സിഗ്‌നല്‍ എത്തിക്കാന്‍ ശേഷി ഉണ്ടെന്നു ഇരിക്കെ, ഈ പുതിയ നോട്ടുകള്‍ പൂഴ്ത്തി വെക്കുക അസാധ്യം ആണെന്ന് സാരം. ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അല്ലാതെ വേറെ എവിടെയെങ്കിലും വന്‍തോതില്‍ ഈ നോട്ടുകള്‍ സൂക്ഷിച്ചാല്‍ ആദായ നികുതി വകുപ്പിന് ഉടനടി അക്കാര്യം അറിയിക്കാനും മേല്‍നടപടി എടുക്കാനും സാധ്യത ഏറെയാണെന്നെല്ലാമായിരുന്നു തള്ളുകള്‍. ഇതിനെയെല്ലാം കടത്തി വെട്ടിയാണ് കള്ളനോട്ടുകള്‍ പ്രചരിച്ചത്. ഇതോടെയാണ് നോട്ടുകളുടെ അച്ചടി നിര്‍ത്തേണ്ട സാഹചര്യം ആര്‍ബിഐയ്ക്കുണ്ടായത്.

റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 2018-19 വര്‍ഷം 329.1 കോടി 2000 രൂപാനോട്ടുകളാണ് വിപണിയിലുള്ളത്. ആകെയുള്ള നോട്ടുകളില്‍ മൂന്നു ശതമാനം മാത്രമാണിത്. അതുകൊണ്ട് തന്നെ ഈ നോട്ടുകള്‍ അതിവേഗം പിന്‍വലിക്കാനും സാധ്യതയുണ്ട്. 2000 രൂപ നോട്ടിന് ബദല്‍ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കിയേക്കും. ഒരു വര്‍ഷം മുമ്പ് 336.3 കോടി നോട്ടുകളുണ്ടായിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 6.72 ലക്ഷം കോടി രൂപയില്‍നിന്ന് 6.58 ലക്ഷം കോടി രൂപയായും കുറഞ്ഞിട്ടുണ്ട്.

2018-19 സാമ്പത്തികവര്‍ഷം 2000 രൂപയുടെ 4.7 കോടി പുതിയ നോട്ടുകള്‍മാത്രമാണ് ആര്‍.ബി.ഐ. വിതരണംചെയ്തിട്ടുള്ളത്. 2017-18ല്‍ ഇത് 15.1 കോടി എണ്ണമായിരുന്നു. 2000 രൂപ നോട്ട് ആദ്യമായി പുറത്തിറക്കിയ 2016-17 സാമ്പത്തികവര്‍ഷം 350 കോടി നോട്ടുകള്‍ പുറത്തിറക്കി. ര്‍.ബി.ഐ. രേഖകള്‍പ്രകാരം 2018-19 കാലത്ത് പുതിയ രൂപത്തിലുള്ള 500 രൂപാനോട്ടുകളുടെ എണ്ണത്തില്‍ 121 ശതമാനമായിരുന്നു വര്‍ധന. 2000 രൂപയുടെ എണ്ണത്തില്‍ 21.9 ശതമാനവും. 21,847 കള്ളനോട്ടുകളാണ് 2000 രൂപയുടേതായി ഇക്കാലയളവില്‍ പിടിച്ചെടുത്തത്.

അതിനിടെ ആയിരം രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ വിപണിയിലെത്തുമെന്ന് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് ആര്‍.ബി.ഐ. അറിയിച്ചു. ഇതുവരെ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. ഉണ്ടെങ്കില്‍ അക്കാര്യം മുന്‍കൂട്ടി അറിയിക്കുമെന്നും ആര്‍.ബി.ഐ. വക്താവ് യോഗേഷ് ദയാല്‍ വ്യക്തമാക്കി. പുതിയ ഡിസൈനിലുള്ള ആയിരം രൂപയുടെ നോട്ടിന്റെ ചിത്രംസഹിതമാണ് സന്ദേശം പ്രചരിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെയാണ് വ്യാജപ്രചാരണം ശക്തമായത്.

സന്ദേശത്തോടൊപ്പമുള്ള ചിത്രത്തിലുള്ള നോട്ടില്‍ മഹാത്മാഗാന്ധിയുടെ ഒപ്പാണുള്ളത്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം ഇന്ത്യന്‍ ഗവണ്‍മെന്റ് എന്നും നല്‍കിയിരിക്കുന്നു. പുതിയ മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകളില്‍നിന്ന് ഏറെ വ്യത്യസ്തതയുള്ള ഡിസൈനാണ് ചിത്രത്തിലുള്ളത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved