
ദല്‍ഹി: ബാങ്ക് നിക്ഷേപങ്ങളുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തിയ തീരുമാനം പ്രാബല്യത്തിലായി. ആര്‍ബിഐയാണ് ഇക്കാര്യം അറിയിച്ചത്. ആര്‍ബിഐ അനുബന്ധ സ്ഥാപനമായ ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റഇ കോര്‍പ്പറേഷനാണ് ഈ പരിരക്ഷ നല്‍കുന്നത്. കേന്ദ്രബജറ്റിലും ഈ വിഷയം പ്രസ്താവിച്ചിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച ധനകാര്യ സെക്രട്ടറി ബാങ്ക് നിക്ഷേപങ്ങളുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉയര്‍ത്തിയതായി പ്രഖ്യാപിച്ചത് .ഇന്‍ഷൂറന്‍സ് പരിരക്ഷ ഉയര്‍ന്ന സാഹചര്യത്തില്‍ നൂറ് രൂപയ്ക്ക് പത്ത് പൈസ എന്നതിന് പകരം പന്ത്രണ്ട് പൈസയാണ് ബാങ്കുകള്‍ പ്രീമിയം അടക്കേണ്ടി വരിക.
മുംബൈ ആസ്ഥാനമായുള്ള അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കായ പിഎംസി ബാങ്കിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ ഈ സുരക്ഷാക്രമീകരണം നിക്ഷേപകനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിസന്ധി നേരിടുന്ന ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉയര്‍ന്ന പരിധി അനുസരിച്ച് 50,000 രൂപ വരെയാണ് പിന്‍വലിക്കാനാകുക. നിലവിലെ ബാങ്ക് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് സ്‌കീം പ്രകാരം ബാങ്ക് പ്രതിസന്ധിയിലായാല്‍ ഒരു ലക്ഷം രൂപ വരെ നിക്ഷേപം നിക്ഷേപകന് തിരികെ ലഭിക്കും.