
ഡല്‍ഹി: എടിഎം വഴിയുള്ള തട്ടിപ്പുകള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗവുമായി ഡല്‍ഹി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്എല്‍ബിസി). രണ്ട് ട്രാന്‍സാക്ഷനുകള്‍ തമ്മില്‍ ആറ് മണിക്കൂര്‍ ഇടവേള വേണം എന്നതടക്കമുള്ള മാര്‍ഗങ്ങളാണ് വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്. മിക്കപ്പോഴും തട്ടിപ്പുകള്‍ നടക്കുന്നത് രാത്രികാലങ്ങളിലാണെന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നവ പ്രകാരം അര്‍ധരാത്രിയ്ക്കും വെളുപ്പിന് സമയങ്ങളിലുമാണ് കേസുകള്‍ വര്‍ധിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഈ സമയത്തുള്ള ട്രാന്‍സാക്ഷനുകള്‍ക്ക് ഇടവേള നിശ്ചയിച്ചാല്‍ തട്ടിപ്പുകള്‍ തടയാമെന്ന് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് സിഇഓയും എസ്എല്‍ബിസി കണ്‍വീനറുമായ മുകേഷ് ജെയിന്‍ പറഞ്ഞു. 18 ബാങ്കുകളുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള പരിഹാരവും പുറത്ത് വന്നത്. ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ രാത്രികാല ബാങ്ക് ട്രാന്‍സാക്ഷനുകള്‍ക്ക് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടി വരും.
2018-19 കാലയളവില്‍ 179 എടിഎം തട്ടിപ്പ് കേസുകളാണ് ഡല്‍ഹിയില്‍ മാത്രം റജിസ്റ്റര്‍ ചെയ്തത്. ഏറ്റവുമധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് മഹാരാഷ്ട്രയിലാണ്. 233 കേസുകളാണ് മഹാരാഷ്ട്രയില്‍ റജിസ്റ്റര്‍ ചെയ്തത്. മാത്രമല്ല തട്ടിപ്പ് നടത്തുന്നതിനായി കാര്‍ഡ് ക്ലോണിങ് അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നുവെന്നും റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
ഇത്തരത്തിലുള്ള എടിഎം തട്ടിപ്പുകളില്‍ രാജ്യത്തെ മുഴുവന്‍ കണക്ക് നോക്കിയാല്‍ 980 കേസുകളാണ് ഈ വര്‍ഷം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 911 ആയിരുന്നു. വണ്‍ ടൈം പാസ് വേര്‍ഡ് ലിങ്ക് ചെയ്യുന്ന വിഡ്രോവല്‍ അടക്കമുള്ള മറ്റ് നിര്‍ദ്ദേശങ്ങളും തട്ടിപ്പ് തടയുന്നതിനായി മുന്നോട്ട് വന്നിരുന്നു.