വാഹന വിപണിയില്‍ പ്രതിസന്ധി ശക്തം; അശോക് ലെയ്ലാന്റ് ചെന്നൈ നിര്‍മ്മാണ പ്ലാന്റ് ദിവസങ്ങളോളം അടച്ചിടും

September 06, 2019 |
|
Lifestyle

                  വാഹന വിപണിയില്‍ പ്രതിസന്ധി ശക്തം; അശോക് ലെയ്ലാന്റ് ചെന്നൈ നിര്‍മ്മാണ പ്ലാന്റ് ദിവസങ്ങളോളം അടച്ചിടും

ചെന്നൈ: വാഹന നിര്‍മ്മാതക്കളെല്ലാം ഇപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നത്. വില്‍പ്പനയില്‍ ആഗസ്റ്റ് മാസത്തില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി തന്നെ അതിന് കാരണം. ഉത്പ്പാദനം കുറക്കാനും, നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുമുള്ള തയ്യാറെടപ്പാണ് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാണ കമ്പനികളെല്ലാം ഇപ്പോള്‍ എടുത്തിട്ടുള്ളത്. വാഹന വില്‍പ്പനയില്‍ രൂപപ്പെട്ട പ്രതിസന്ധി മൂലം രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികളിലൊന്നായ അശോക് ലെയ്‌ലാന്റ് തങ്ങളുടെ ചെന്നൈ പ്ലാന്റ് ദിവസങ്ങളോളം അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ച് ദിവസത്തിലധികം ചൈന്നൈ പ്ലാന്റില്‍ വാഹന നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടക്കില്ലെന്നാണ് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്. 

കമ്പനിയുടെ പുതിയ തീരുമാനം 5000 ത്തിലധികം ജീവനക്കാരെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 3,000 ത്തില്‍പരം ജീവനക്കാര്‍ കരാറടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നത്. ജീവനക്കാരുടെ തൊഴിലിനെ ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് ഈ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികളായ ഹുണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോര്‍സ്, ഹോണ്ട തുടങ്ങിയ കമ്പനികള്‍ക്കെല്ലാം ആഗസ്റ്റ് മാസത്തിലെ വില്‍പ്പനയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തി. മാരുതിയുടെ വില്‍പ്പനയില്‍ മാത്രം ആഗസ്റ്റ് മാസത്തില്‍ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വില്‍പ്പന ആഗസ്റ്റ് മാസത്തില്‍ മാത്രം വാഹന വില്‍പ്പന ആകെ 1,06,413 യൂണിറ്റിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. പാസഞ്ചര്‍ വാഹന വില്‍പ്പനയിലടക്കം ഭീമമായ ഇടിവാണ് ഓഗസ്റ്റ് മാസത്തില്‍ ആകെ രേഖപ്പെടുത്തിയത്. 

അതേസമയം രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോര്‍സിന്റെ വില്‍പ്പനയില്‍ മാത്രം 58 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹോണ്ടാ കാര്‍സിന്റെയും, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെയും വില്‍പ്പനയില്‍ യഥാക്രമം 51 ശതമാനവും, 21 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ വാഹന വില്‍പ്പനയില്‍ ആഗസ്റ്റ് മാസത്തിലും ഇടിവുണ്ടായതില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വാഹന വില്‍പ്പനയില്‍ ഇടിവ് രൂപപ്പെട്ടത് മൂലം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയും, ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ് ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനങ്ങളുടെ ജിഎസ്ടി കുറച്ചാല്‍ മാത്രമേ വില്‍പ്പനയില്‍ നേരിയ വര്‍ധനവുണ്ടാവുകയുള്ളൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ വായ്പാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെയാണ് വാഹന വിപണിയില്‍ വന്‍ ഇടിവുണ്ടാക്കാന്‍ കാരണമെന്നാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഇപ്പോള്‍ വ്യക്തമാക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved