
എടിഎം കാര്‍ഡ് എന്നത് ബാങ്കിങ് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചതോടെ പഴ്‌സില്‍ പണം വെക്കുന്ന ശീലം കുറഞ്ഞ് വരികയാണ്. പൂര്‍ണമായും ഇ- ബാങ്കിങ് എന്നത് എന്തെന്ന് നമ്മേ പഠിപ്പിച്ച ഈ വിപ്ലവത്തിന് പിന്നാലെ തട്ടിപ്പുകളുടെ ഒട്ടേറെ കഥകളും പുറത്ത് വന്നിരുന്നു. എന്നാല്‍ കൃത്യമായ മുന്നോരുക്കങ്ങള്‍ പാലിച്ചാല്‍ എടിഎം തട്ടിപ്പുകളില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കും. മാത്രമല്ല സര്‍ക്കാര്‍ നടപ്പിലാക്കിയ ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിനെ പറ്റിയും അറിഞ്ഞിരിക്കണം. എടിഎം കൗണ്ടറുകള്‍ക്ക് പുറമേ ക്യാഷ് ഡെപ്പോസിറ്റിങ് മെഷീന്‍ (സിഡിഎം) വഴി പണം നിക്ഷേപിക്കാനുള്ള സൗകര്യവും ബാങ്കുകള്‍ ഇത്തരം കൗണ്ടറുകളില്‍ ക്രമീകരിച്ച് കഴിഞ്ഞു. പഴ്സില്‍ പണത്തിന്റെ ഭാഗം ഒഴിഞ്ഞ് കിടക്കാന്‍ തന്നെ കാരണം ഈ ഇത്തിരികുഞ്ഞന്‍ കാര്‍ഡാണ് എന്നതില്‍ തര്‍ക്കമില്ല.
ഈ കാര്‍ഡിനെ ബാങ്ക് കാര്‍ഡ്, എംഎസി,ക്ലയന്റ് കാര്‍ഡ്, കീ കാര്‍ഡ്, ക്യാഷ് കാര്‍ഡ് എന്നൊക്കെ പറയാറുണ്ട്. ഇന്ന് വ്യാപാര സ്ഥാപനങ്ങളില്‍ പോയാല്‍ പോലും പണം പഴ്സില്‍ കരുതേണ്ട ആവശ്യമില്ല. കടയിലുള്ള സൈ്വപിങ് മെഷീനില്‍ ഉരച്ച ശേഷം പാസ്വേര്‍ഡും സാധനം വാങ്ങിയ / സേവനത്തിന്റെ തുക കൂടി ടൈപ്പ് ചെയ്തുകൊടുത്താല്‍ സംഗതി കഴിഞ്ഞു. എടിഎം നമ്മുടെ ബാങ്കിങ് മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തെ ഓരോ വ്യക്തിയുടെയും പഴ്സില്‍ ഇടം നേടുകയും ചെയ്തിട്ട് ഏതാനും വര്‍ഷം കഴിഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മിക്കവര്‍ക്കും അറിയില്ല.
എടിഎം തട്ടിപ്പുകളുടെ എണ്ണം വര്‍ധിച്ചു വരുന്നതും നാം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. മാഗ്‌നറ്റിക്ക് സ്ട്രിപ്പ് ഉള്ള കാര്‍ഡുകള്‍ മാറ്റി പകരം ചിപ്പ് ഘടിപ്പിച്ചവ ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പിന്നാലെ വന്ന ആശയക്കുഴപ്പങ്ങളും ചെറുതല്ല.
ചിപ്പ് ഘടിപ്പിച്ച എടിഎം: സംശയം മാറ്റാം
മാഗ്‌നറ്റിക്‌സ്‌ട്രൈപ് മാത്രമുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി ഇഎംവി ചിപ് പിടിപ്പിച്ച കാര്‍ഡുകള്‍ ഉപയോഗിക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇത് 2015 ആഗസ്റ്റില്‍ റിസര്‍വ് ബാങ്ക് ഇറക്കിയ നിര്‍ദ്ദേശമാണെന്നത് ഓര്‍ക്കുക. ബാങ്ക് തട്ടിപ്പുകള്‍, പ്രത്യേകിച്ച് മാഗ്‌നറ്റിക് സ്‌ട്രൈപ് കാര്‍ഡുകളുടെ ക്ലോണിങ് വഴിയുള്ള തട്ടിപ്പുകള്‍ എന്നിവ രാജ്യത്ത് വര്‍ധിച്ച് വന്നതോടയൊണ് ഈ നിര്‍ദ്ദേശം ബാങ്കുകള്‍ ഊര്‍ജിതമായി നടത്തി വരുന്നത്. രാജ്യത്തെ എല്ലാ റീജിയണ്‍ റൂറല്‍ ബാങ്കുകള്‍ക്കും മറ്റ് സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ളവയ്ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്.
ചിപ്പ് ഘടിപ്പിച്ച കാര്‍ഡ് നിര്‍ബന്ധമായും ഉപഭോക്താക്കളില്‍ എത്തിച്ചിരിക്കണം എന്നത് ബാങ്കുകള്‍ക്കുള്ള നിര്‍ദ്ദേശമാണെന്നും ഏവരും ഓര്‍ക്കണം. ഉപഭോക്താക്കള്‍ക്ക് ഇഎംവി ചിപ്പും 'പിന്‍' സുരക്ഷയുമുള്ള കാര്‍ഡുകള്‍ 2018 ഡിസംബര്‍ 31നുമുന്‍പു ലഭിക്കുന്നുണ്ട് എന്നുറപ്പാക്കാനായിരുന്നു നിര്‍ദ്ദേശം. പുതിയ കാര്‍ഡില്‍ വിവരങ്ങള്‍ ചിപ്പില്‍ സൂക്ഷിക്കുന്നതനാല്‍ സുരക്ഷ മാഗ്‌നറ്റിക്ക് സ്ട്രിപ്പ് കാര്‍ഡുകളേക്കാള്‍ കൂടുതലാണ്. സ്വന്തം പേരു പതിക്കാത്ത എടിഎം ഡെബിറ്റ് കാര്‍ഡ് ബാങ്ക് ശാഖയില്‍ ചെന്നാലുടന്‍ ലഭിക്കുമെന്ന് മിക്ക ബാങ്കുകളും അറിയിക്കുന്നു. പേരുപതിപ്പിച്ചവ, അപേക്ഷിച്ച് 7 മുതല്‍ 10 ദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം.
അതേസമയം, പഴയ (ചിപ്പില്ലാത്ത) കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞിട്ടില്ല. ചിപ് കാര്‍ഡുകള്‍ മാത്രമാകുന്നതിനൊപ്പം, രാജ്യത്തെ മൊത്തം എടിഎമ്മുകളും വ്യാപാര കേന്ദ്രങ്ങളിലെയും മറ്റും പോയിന്റ് ഓഫ് സെയ്ല്‍ (പിഒഎസ്) മെഷീനുകളും ചിപ്പ് കാര്‍ഡുകള്‍ സ്വീകരിക്കാനാകുംവിധം പാകപ്പെടുത്തുകയും വേണം.റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ വൈകുന്നതിനു ബാങ്കുകള്‍ നടപടി നേരിടേണ്ടിവന്നേക്കാം. എന്നാല്‍ ഉപയോക്താക്കള്‍ ഒട്ടും പേടിക്കേണ്ടതില്ല.
മാത്രമല്ല, വണ്‍ ടൈ പാസ് വേര്‍ഡോ (ഒടിപി) മറ്റ് അക്കൗണ്ട് വിവരങ്ങളോ ആരുമായും പങ്കിട്ടിട്ടെല്ലെങ്കില്‍ ഉപയോക്താവ് തികച്ചും സുരക്ഷിതനാണ്. കാരണം, ഉപയോക്താവിന്റെ വീഴ്ച കാരണമല്ലാതെ ഉണ്ടാകുന്ന തട്ടിപ്പുകള്‍, അതു നടന്നതായി എസ്എംഎസ്/ഇമെയില്‍ ലഭിച്ച് മൂന്നു ദിവസത്തിനകം ബാങ്കിനെ അറിയിച്ചിട്ടുണ്ടെങ്കില്‍, ഉപയോക്താവിനല്ല ബാങ്കിനാണ് ഉത്തരവാദിത്തമെന്ന് റിസര്‍വ് ബാങ്ക് 2017 ജൂലൈയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള കാര്‍ഡ് ഉപയോഗിക്കുന്നതിന് തടസമൊന്നുമില്ലെന്നാണ് ലഭിക്കുന്ന വിവരം.
എടിഎം തട്ടിപ്പുകള്‍ക്കിരയാവാതിരിക്കാന്‍ ഓര്‍ക്കൂ
ഡിജിറ്റല്‍വത്കരണത്തിന്റെ വിപ്ലവം ബാങ്കിങ് മേഖലയില്‍ പ്രതിഫലിച്ചതാണ് എടിഎമ്മും ഇന്റര്‍നെറ്റ് ബാങ്കിങ്ങും. ക്യാഷ് ലെസായി ക്യാഷ് ട്രാന്‍സാക്ഷന്‍സ് നടത്താമെന്ന അനുഗ്രഹം ഇതിനുണ്ടെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ ഡിജിറ്റലായി തന്നെ നാം അറിയാതെ അക്കൗണ്ടില്‍ നിന്നും ക്യാഷ് ലെസായിക്കൊള്ളും. എടിഎം മോഷണം വ്യാപകമായ സാഹചര്യത്തില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കു അധിൃതര്‍ നല്‍കുന്ന ചില സുരക്ഷാ മുന്നറിയിപ്പുകള്‍ ഓര്‍ക്കുന്നത് ഏറെ സഹായകരമാവും.
1. അക്കൗണ്ട് ഉടമയുടെ വ്യക്തിപരമായ വിവരങ്ങളോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങളോ ഇ-മെയിലായോ ഫോണ്‍ മുഖാന്തിരമോ ബാങ്ക് അധികൃതര്‍ ആവശ്യപ്പെടില്ല. അതുകൊണ്ട് തന്നെ ഇത്തരം ചോദ്യങ്ങള്‍ക്കു മറുപടി നല്‍കരുത്.
2. ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് അപ്‌ഡേഷന്‍ എന്നു പറഞ്ഞു നിങ്ങള്‍ക്ക് പരിചയമില്ലാത്ത മേഖലയില്‍ നിന്നോ ലിങ്കില്‍നിന്നോ കോളുകളോ മെയിലോ വന്നാല്‍ അവഗണിക്കുക.കാര്‍ഡ് നമ്പര്‍, പിന്‍ നമ്പര്‍, സിവിവി, ഡേറ്റ് ഓഫ് ബെര്‍ത്ത്, എക്‌സ്പിയറി ഓണ്‍ കാര്‍ഡ് മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റമറെ ഭയപ്പെടുത്തിയോ തന്ത്രപരമായോ കൈക്കലാക്കി തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് ഓര്‍ക്കുക.
3. നിങ്ങളുടെ കാര്‍ഡിന്റെയോ സ്റ്റേറ്റ്‌മെന്റിന്റെയോ കോപ്പി മറ്റാര്‍ക്കും നല്‍കരുത്.
4. കാര്‍ഡിന്റെ പിന്‍ നമ്പര്‍, സിവിവി നമ്പര്‍ എന്നിവ ഒരു സ്ഥലത്തും എഴുതി വയ്ക്കാതിരിക്കുക.
5. ട്രാന്‍സാക്ഷന്‍ എസ്എംഎസ് എപ്പോഴും ചെക്ക് ചെയ്യുക.
6. നിങ്ങള്‍ ബാങ്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോണ്‍ നമ്പര്‍/ഇമെയില്‍ ഒഴിവാക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും വേഗം ബാങ്കില്‍ അറിയിച്ച് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം.
7. ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്വേര്‍ഡ് മറ്റാര്‍ക്കും നല്‍കരുത്.
8. നിങ്ങള്‍ നടത്തുന്ന ഓരോ ഇടപാടുകള്‍ക്കും എസ്എംഎസ് അല്ലെങ്കില്‍ ഇ മെയില്‍ അറിയിപ്പു വരുന്നുവെന്ന് ഉറപ്പാക്കണം.
9. മറ്റാര്‍ക്കും നിങ്ങളുടെ കാര്‍ഡ് ഉപയോഗിക്കാന്‍ നല്‍കരുത്.
10. ബാങ്കിന്റെ കസ്റ്റമര്‍കെയര്‍ നമ്പര്‍ എപ്പോഴും കൈവശമുണ്ടായിരിക്കണം.
കാര്‍ഡ് സൈ്വപിങ്...സൂക്ഷിച്ചില്ലേല്‍ പണം ഉരച്ചെടുത്ത് പോകും !
വ്യാപാര സ്ഥാപനങ്ങളില്‍ ഇപ്പോള്‍ കാര്‍ഡ് വഴിയാണ് ഇടപാടുകള്‍ നടത്തുന്നുവെന്ന് നാം പറഞ്ഞല്ലോ. മിക്കയിടത്തും കാര്‍ഡ് സൈ്വപ് ചെയ്യുന്ന വേളയില്‍ നാം തന്നെയാണ് നമ്മുടെ പാസ് വേര്‍ഡ് ടൈപ്പ് ചെയ്യുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി ചിലയിടത്ത് പാസ് വേര്‍ഡ് ചോദിച്ചറിഞ്ഞ ശേഷം വന്‍ പണത്തട്ടിപ്പ് നടക്കുന്നുണ്ടെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വരുന്നതും നാം ശ്രദ്ധിക്കണം.