
മുംബൈ: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഡിജിറ്റലൈസ്ഡ് ഡീലര്‍ഷിപ്പ് ആരംഭിച്ചതിന് പിന്നാലെയാണ് 2025 ഓടെ ഇന്ത്യയില്‍ 30 ഇലക്ട്രിക്ക് കാറുകള്‍ ഇറക്കുമെന്ന് ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ ഭീമനായ ഓഡി അറിയിച്ചിരിക്കുന്നത്. ഇതില്‍ 12 എണ്ണം പൂര്‍ണമായും വൈദ്യുതി ചാര്‍ജ്ജില്‍ ഓടുന്നവയായിരിക്കുമെന്നും കമ്പനി അറിയിച്ചു. ബാക്കിയുള്ളവ ഹൈബ്രിഡ് അല്ലെങ്കില്‍ മൈല്‍ഡ് ഹൈബ്രിഡ് മോഡലുകളായിരിക്കും. മാത്രമല്ല ഈ വര്‍ഷം അവസാനം തന്നെ ഓഡി എ8 വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചു.
2018ല്‍ ഫോര്‍ത്ത് ജനറേഷന്‍ ഓഡി എ8 ഇറക്കിയിരുന്നു. ട്രാഫിക്ക് ജാം പൈലറ്റ്, മൂന്ന് തരത്തിലുള്ള ഓട്ടോണോമസ് ഡ്രൈവിങ് എന്നിവയാണ് കാറിന്റെ മുഖ്യ ആകര്‍ഷണം. 3.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഓഡി എ8 വിപണിയിലെത്തും. പെട്രോള്‍ ഓഡി എ 8 എല്‍ 55 ടിഎഫ്എസ്‌ഐയില്‍ 2,995 സിസി ട്വിന്‍-സ്‌ക്രോള്‍ ടര്‍ബോ വി 6 എഞ്ചിനാണ്. ഇത് 340 എച്ച്പി, 500 എന്‍എം ടോര്‍ക്ക് നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.
എ 8 എലിന്റെ മുന്‍ തലമുറ മോഡല്‍ പോലെ, എല്ലാ വേരിയന്റുകളിലും ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവ്, 8 സ്പീഡ് ടിപ്ട്രോണിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടും. ഈ എഞ്ചിന്‍ ഓപ്ഷനുകളില്‍ 48 വോള്‍ട്ട് മില്‍ഡ്-ഹൈബ്രിഡ് സംവിധാനങ്ങളാണുള്ളത്.