
മുംബൈ: ആക്‌സിസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് വായ്പാ മൊറട്ടോറിയം തിരഞ്ഞെടുക്കുന്നതിനുള്ള അവസരമൊരുക്കിയിരിക്കുന്നു. സ്വകാര്യ മേഖല ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവരുടെ നടപടികള്‍ക്ക് പിന്നാലെയാണ് ആക്‌സിസ് ബാങ്കും മുന്നോട്ട് വന്നിരിക്കുന്നത്. കോവിഡ് 19 റെഗുലേറ്ററി പാക്കേജിനെക്കുറിച്ചുള്ള റിസര്‍വ്വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ടേം വായ്പകള്‍, ഇഎംഐ, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക എന്നിവയ്ക്ക് മൊറട്ടോറിയം/ മാറ്റിവെക്കല്‍ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയതായി വ്യാഴാഴ്ച ആക്‌സിസ് ബാങ്ക് ട്വീറ്റ് ചെയ്തു.
കൂടാതെ, 2020 മാര്‍ച്ച് ഒന്നിനും 2020 മെയ് 31 നും ഇടയില്‍ പ്രവര്‍ത്തന മൂലധന സൗകര്യങ്ങള്‍ക്കുള്ള പലിശയും മാറ്റിവെക്കുന്നതായി ബാങ്ക് അറിയിച്ചു. ഇതിനായി, ബാങ്ക് ഉപഭോക്താക്കള്‍, ആക്‌സിസ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചതിന് ശേഷം, കീ അപ്‌ഡേറ്റ് എന്ന ടാബിന് ചുവടെ ക്ലിക്ക് ചെയ്യുക. സ്‌ക്രീനില്‍ പുതിയ പേജ് തെളിയുമ്പോള്‍ മുന്നോട്ട് പോവാനായി 'Avail Now' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം പുതിയ വിന്‍ഡോ ടാബില്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും അതിന് താഴെ ക്യാപ്ച്ച കോഡും നല്‍കുക.
ആക്‌സിസ് ബാങ്ക് വായ്പക്കാര്‍ക്ക് മൊറട്ടോറിയം ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്ന വായ്പകള്‍/ ക്രെഡിറ്റ് സൗകര്യങ്ങള്‍
- സ്വര്‍ണ വായ്പകള്‍
- കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) വായ്പകള്‍, കാര്‍ഷിക വായ്പകള്‍ (ക്യാഷ് ക്രെഡിറ്റ്, ഓവര്‍ഡ്രാഫ്റ്റ്, ടേം വായ്പ)
- മൈക്രോഫിനാന്‍സ് വായ്പകള്‍ (ബാങ്കും ബിസി പങ്കാളികളും വിപുലീകരിച്ചത്)
- ചരക്ക് വായ്പകള്‍
- ട്രാക്ടര്‍ വായ്പകള്‍
- വാണിജ്യ വാഹന വായ്പകള്‍
- നിര്‍മ്മാണ ഉപകരണ വായ്പകള്‍
- ബിസിനസ് വായ്പകള്‍
- സുരക്ഷിതമല്ലാത്ത ഓവര്‍ഡ്രാഫ്റ്റും ടേം വായ്പകളും (ചെറുകിട ബിസിനസ് ബാങ്കിംഗ്)
മൂന്ന് മാസത്തെ മാറ്റിവെക്കല്‍ കാലാവധി കഴിഞ്ഞാല്‍ 2020 ജൂണ്‍ മുതല്‍ തിരിച്ചടവ് പുനരാരംഭിക്കുമെന്നു ആക്‌സിസ് ബാങ്ക് അറിയിച്ചു. പണമിടപാടുകള്‍ ബാധിക്കാത്ത വായ്പക്കാരോട് ഒരു ഇ-മെയില്‍ അയച്ചുകൊണ്ടോ അല്ലെങ്കില്‍, ഏതെങ്കിലും ശാഖകളിലേക്ക് ചെന്ന് വിവരമറിയിച്ചോ മൊറട്ടോറിയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആക്‌സിസ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. രേഖാമൂലമുള്ള ആശയവിനിമയം ഇല്ലെങ്കില്‍ വായ്പക്കാര്‍ മൊറട്ടോറിയം തിരഞ്ഞെടുത്തുവെന്ന് ബാങ്ക് കണക്കാക്കുന്നതാണ് എന്നും ബാങ്ക് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.