
റിസര്‍വ് ബാങ്കിന്റെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തട്ടിപ്പിലൂടെ നഷ്ടമായത് 71,542.93 കോടി രൂപ. 6801 കേസുകളാണ് 2018-19 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2017-18 വര്‍ഷത്തില്‍ 5916 കേസുകളിലായി 41,167.03 രൂപയായിരുന്നത് 73 ശതമാനമാണ് കൂടിയിരിക്കുന്നത്.
കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ മൊത്തം 53,334 തട്ടിപ്പ് കേസുകളാണ് ബാങ്കുകളില്‍ നടന്നത്. ഇതിലൂടെ നഷ്ടമായത് 2.05 ലക്ഷം കോടി രൂപയാണ്. 2008 -09 സാമ്പത്തിക വര്‍ഷത്തില്‍ 4372 കേസുകളിലായി 1860 കോടി രൂപ മാത്രമാണ് നഷ്ടപെട്ടത്. ജെം ആന്‍ഡ് ജൂവലറി, മാനുഫാക്ചറിംഗ്, കൃഷി, മീഡിയ, ഏവിയേഷന്‍, തുടങ്ങിയ ബിസിനസ് മേഖലകളിലാണ് ഇത്തരം തട്ടിപ്പുകള്‍ കൂടുതലായി ഉണ്ടായതെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. നിരവധി ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഈ തട്ടിപ്പുകള്‍ക്ക് കൂട്ട് നിന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ പലര്‍ക്കെതിരെയും ക്രിമിനല്‍ നടപടികള്‍ തുടരുകയാണ്.